വർക്കല: വർക്കലയിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തിച്ചു വന്ന റിസോർട്ട് നഗരസഭ പൂട്ടി സീൽ ചെയ്തു. സൗത്ത് ക്ലിഫിലെ പുരാവിധ റിസോർട്ട് ആണ് നഗരസഭാ അധികൃതർ പൂട്ടി സീൽ ചെയ്തത്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. നിരവധി പ്രാവശ്യം നിർമ്മാണ വേളകളിൽ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും അത് വകവയ്ക്കാതെ ആയിരുന്നു കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. പരിസ്ഥിതി ലോല പ്രദേശമായ ക്ലിഫ് കുന്നുകൾക്ക് അരികിലായി അപകടകരമായി വലിയ നീന്തൽ കുളം നിർമ്മിക്കുകയും ചെയ്തു.
ഈ നീന്തൽകുളത്തിൻ്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കുന്നതിനും നീന്തൽ കുളത്തിനായി എടുത്ത കുഴി മൂടുന്നതിനായി നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും നഗരസഭ നിർദ്ദേശിച്ചിരുന്നു. എന്നാൽ റിസോർട്ട് ഉടമ ഇതൊന്നും കൂട്ടാക്കാതെ നീന്തൽകുള നിർമ്മാണവും പൂർത്തിയാക്കുകയായിരുന്നു.
ഏറെ വിവാദമായ വിഷയമായിരുന്നു നീന്തൽ കുളത്തിന്റെ അപകടകരമായ നിർമ്മാണം. നഗരസഭ കൗൺസിൽ കൂടി ഈ റിസോർട്ടിന്റെ പ്രവർത്തനാനുമതി തടഞ്ഞുകൊണ്ട് തീരുമാനമെടുത്തിരുന്നു. തുടർന്ന് പ്രവർത്തന അനുമതി നിഷേധിച്ച നഗരസഭയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച് നഗരസഭ അധികൃതരെ നോക്കുകുത്തികളാക്കി റിസോർട്ട് നാളിതുവരെ പ്രവർത്തിച്ചു വരികയായിരുന്നു. തുടർന്നാണ് നഗരസഭ അധികൃതർ വർക്കല പോലീസിൻറെ സഹായത്തോടെ കടുത്ത നടപടിയുമായി ഇന്ന് റിസോർട്ടിൽ എത്തിയത്. എല്ലാ റൂമുകളും, കോട്ടേജുകളും, ഓഫീസ് മന്ദിരവും, റെസ്റ്റാറൻ്റും പൂട്ടി സീൽ ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.