ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജി. വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറി. നാളെ സംസ്ഥാന ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി.
പാർട്ടിയിലെ കുക്കി എംഎൽഎമാർ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി പദത്തിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ബിരേൻ സിങ്ങിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ബിരേൻ സിങ്ങിനെ അമിത് ഷാ ഡൽഹിയിലേക്കു വിളിപ്പിച്ചത്.
കോൺഗ്രസ് പിസിസി അധ്യക്ഷനും എംഎൽഎയുമായ കെ.മേഘ്ന ചന്ദ്രസിങ് ബിരേൻ സിങ്ങിനെതിരെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ നോട്ടിസിനു പിന്നാലെ ബിരേൻ സിങ് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും എല്ലാ എംഎൽഎമാരും പങ്കെടുത്തിരുന്നില്ല.ഇതോടെയാണ് രാജി എന്ന കേന്ദ്രആവശ്യത്തിനു മുന്നിൽ ബിരേൻ സിങ് വഴങ്ങിയത്. നിലവിൽ 60 അംഗ നിയമസഭയിൽ എൻഡിഎയ്ക്ക് 49 അംഗങ്ങളുണ്ട്. ബിജെപി - 38, എൻപിഎഫ് – 6, ജെഡിയു – 2, സ്വതന്ത്രർ – 3 എന്നിങ്ങനെയാണു കക്ഷിനില. പ്രതിപക്ഷത്തു കോൺഗ്രസിനും കുക്കി പീപ്പിൾ അലയൻസിനും 2 വീതം അംഗങ്ങളുണ്ട്. മറ്റൊരു കക്ഷിയായ എൻപിപി, നേരത്തേ എൻഡിഎയ്ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. 6 അംഗങ്ങളാണ് നിയമസഭയിൽ എൻപിപിക്ക് ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.