കൊല്ലം: ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. തിങ്കളാഴ്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു മേയറുടെ രാജിപ്രഖ്യാപനം. എൽഡിഎഫിലെ മുൻധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ ഭരണത്തിൽ നാലുവർഷ കാലാവധി പൂർത്തിയാക്കിയിട്ടും പ്രസന്ന ഏണസ്റ്റ് രാജിക്ക് തയാറായിരുന്നില്ല. ഇതേത്തുടർന്ന് സിപിഐ രണ്ടു തവണ സിപിഎമ്മിന് കത്തു നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാതെ വന്നതോടെ കഴിഞ്ഞ 5ന് സിപിഐ പ്രതിനിധിയായ ഡപ്യൂട്ടി മേയർ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, വിദ്യാഭ്യാസ സ്ഥാരം സമിതി അധ്യക്ഷ സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു.
കൊല്ലം മധുവും മറ്റു രണ്ടു കൗൺസിലർമാരും ഇന്നു നടന്ന കൗൺസിൽ യോഗത്തിലും പങ്കെടുത്തിരുന്നില്ല. കോർപറേഷനിൽ സിപിഎമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ആകെ 55 വാർഡുകളിൽ 28 ഇടത്ത് സിപിഎം പ്രതിനിധികളും 10 ഇടത്ത് സിപിഐ പ്രതിനിധികളുമാണ് കൗൺസിലർമാരായുള്ളത്.
ഡപ്യൂട്ടി മേയർക്ക് പിന്നാലെ മേയറും രാജിവച്ചതോടെ കൊല്ലം കോർപറേഷന് നിലവിൽ മേയറും ഡപ്യൂട്ടി മേയറും ഇല്ലാത്തെയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് നിലവിൽ ഇരുവരുടെയും താൽക്കാലിക ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.