കൊച്ചി: മഹാശിവരാത്രി നാളിലെ പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്. ഇന്നു വൈകിട്ടു മുതൽ ശക്തമാകുന്ന ഭക്തജന പ്രവാഹത്തെ വരവേൽക്കാൻ പെരിയാറിന്റെ തീരത്ത് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്നു രാത്രി ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതൽ കുംഭത്തിലെ വാവുബലിയും നടക്കും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെയാണ് ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായത്.
പിതൃപൂജ, പശുദാനം, കൂട്ടനമസ്കാരം, സായൂജ്യപൂജ, തിലഹവനം എന്നിവയ്ക്കു ശേഷം രാത്രി 12ന് ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും. തുടർന്നു ബലിതർപ്പണം. ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ ക്ഷേത്രത്തിലെ പൂജകൾക്കു കാർമികത്വം വഹിക്കും.സംസ്ഥാനത്ത് ഏറ്റവുമധികം പേർ ശിവരാത്രി ബലിയിടാൻ എത്തുന്നത് ആലുവ മണപ്പുറത്താണ്. 116 ബലിത്തറകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവിടെ ഒരുക്കിയത്.
മണപ്പുറത്തും പുഴയുടെ മറുകരയിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും പിതൃകർമങ്ങൾ നടക്കും. മണപ്പുറത്ത് ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശിവരാത്രി വിളക്കും എഴുന്നള്ളിപ്പിനും ശേഷമാണ് ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്കായി പുഴയോരത്തെ ബലിത്തറകളിൽ സന്ധ്യയോടെ തന്നെ കർമങ്ങൾ ആരംഭിക്കും.ഇന്നു വൈകിട്ടു മുതൽ കുംഭത്തിലെ അമാവാസിയായ നാളെ ഉച്ചവരെ 7 ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് കണക്കാക്കുന്നത്. അദ്വൈതാശ്രമത്തിൽ 2000 പേർക്ക് ഒരേ സമയം തർപ്പണം നടത്തുന്നതിന് സൗകര്യമുണ്ട്. ഇവിടെ ആശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ, മേൽശാന്തി പി.കെ.ജയന്തൻ, സ്വാമി നാരായണ ഋഷി എന്നിവർ കാർമികത്വം വഹിക്കും. ഭക്തരുടെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥർ, നാവിക സേനാ മുങ്ങൽ വിദഗ്ധർ, അഗ്നിരക്ഷാ സേന തുടങ്ങിയവരെ വിന്യസിക്കും.

ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് നിരക്ക് 75 രൂപയാണ്. പുരോഹിതർക്ക് ഭക്തരുടെ ദക്ഷിണ സ്വീകരിക്കാം. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളിൽനിന്ന് 50 രൂപ നിരക്കിൽ ലഭിക്കും. ഭക്തജനങ്ങൾക്ക് 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. രാത്രി ഉറക്കമൊഴിയുന്നവർക്ക് ദേവസ്വം ബോർഡ് ലഘുഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മണപ്പുറത്തേക്ക് 250 സ്പെഷൽ സർവീസുകൾ നടത്തും. കൊച്ചി മെട്രോയും സ്പെഷൽ സർവീസ് ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.