ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യക്കാരെ യു.എസില്‍ നിന്ന് നാടുകടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിഞ്ഞ 104 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇന്ത്യക്കാരുമായി യു.എസില്‍ നിന്ന് തിരിച്ച വിമാനം ഇറങ്ങിയത്. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളവരായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത്.
എന്നാല്‍, യു.എസില്‍ നിന്നുള്ള നാടുകടത്തലുകളുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കൈകാലുകളില്‍ വിലങ്ങ് അണിയിച്ച് ഇരുത്തിയിരിക്കുന്ന ഒരുകൂട്ടം ആളുകളുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും നാടുകടത്തുന്ന ഇന്ത്യക്കാരുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിലുള്ളവര്‍ ഇന്ത്യക്കാര്‍ അല്ലെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിലുള്ളത് യു.എസില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുന്ന ആളുകളുടെതാണെന്നാണ് അസോസിയേറ്റഡ് പ്രസ് ഫോട്ടോയ്ക്കൊപ്പം നല്‍കിയിട്ടുള്ള കുറിപ്പില്‍ പറയുന്നത്. ടെക്സസിലെ എല്‍ പാസോ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ളതാണ് ആ ചിത്രങ്ങള്‍. കൈകളും കാലുകളും വിലങ്ങിട്ട് ബന്ധിച്ചും മുഖം മാസ്ക് ഉപയോഗിച്ച് മറച്ചും സൈനിക വിമാനത്തില്‍ ഇരിക്കുന്ന ആളുകളാണ് ചിത്രത്തിലുള്ളത്. 2025 ജനുവരി 30-ന് എ.പി. പുറത്തുവിട്ട ചിത്രമാണിത്.അതേസമയം, സമാനമായ രീതിയില്‍ തന്നെയാണ് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുവന്നതെന്നാണ് തിരിച്ചെത്തിയവര്‍ പറയുന്നത്. കൈകാലുകള്‍ ബന്ധിച്ച് 40 മണിക്കൂറോളം ദൈര്‍ഘ്യമുള്ള അതികഠിനമായ യാത്രയായിരുന്നുവെന്നും സീറ്റില്‍ നിന്ന് മാറാന്‍ പോലും ബുദ്ധിമുട്ടിയെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. യു.എസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുകള്‍ വെച്ച് അപമാനിച്ചുവെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
യു.എസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടേത് എന്ന നിലയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് | Photo: AP കാലുകളും കൈകളും ബന്ധിച്ചിരുന്നതായും അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ചാണ് വിലങ്ങുകളഴിച്ചതെന്നും ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ പി.ടി.ഐയോട് പ്രതികരിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. ഞങ്ങളുടെ കാലുകളും കൈയ്യും വിലങ്ങുവെച്ച് ബന്ധിച്ചു. അമൃത്സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലങ്ങ് അഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുതാണെന്ന് പിഐബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്സറില് ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.