ചേർത്തല: ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
20 തവണയായാണ് പ്രതികൾ ഡോക്ടർ ദമ്പതികളിൽനിന്ന് തട്ടിയെടുത്തത്. തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ ഇതര സംസ്ഥാനക്കാരായ ഭഗവൽ റാം, നിർമൽ ജയ്ൻ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് കേരളാ പോലീസ് കണ്ടെത്തി. എന്നാൽ നയതന്ത്രപരമായ ചില പരിമിതികൾ കാരണം ഇവരിലേക്ക് നേരിട്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.ഇതിനിടെയാണ് ഗുജറാത്തിലെ അഹമ്മദാബാദ് പോലീസ് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം മനസിലാക്കിയ കേരളാ പോലീസ് പ്രത്യേക സംഘത്തെ അഹമ്മദാബാദിലേക്ക് അയയ്ക്കുകയും കോടതിവഴി കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. ട്രെയിൻ വഴി ആലപ്പുഴയിലെത്തിച്ച ഇരുവരേയും ചേർത്തല സ്റ്റേഷനിലെത്തിച്ചു. ബുധനാഴ്ചയാണ് ഇവരെ കോടതിയിൽ ഹാജരാക്കുക. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.