ന്യൂഡല്‍ഹി: യമുനാ നദി മാലിന്യമുക്തമാക്കുമെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ ഉറപ്പ് പാലിക്കപ്പെടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യമുനാ നദിയിലെ വെള്ളം കുടിക്കാന്‍ കെജ്രിവാളിനോട് ആവശ്യപ്പെടുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ കാണാന്‍ തങ്ങള്‍ ആശുപത്രിയിലേക്ക് വരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ചാന്ദ്നി ചൗക്കില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'അഞ്ച് വര്‍ഷത്തിനുള്ളില്‍ യമുനാ നദി ശുദ്ധീകരിക്കുമെന്നും അതില്‍ മുങ്ങിക്കുളിക്കുമെന്നുമായിരുന്നു കെജ്രിവാള് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നല്കിയ വാക്ക്. എന്നാല്‍ യമുന ഇന്നും മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് അതിലെ വെള്ളം കുടിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. അതിനുശേഷം അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകും.'-രാഹുല്‍ പറയുന്നു.ഒമ്പത് പേര് ഉള്‍പ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ സംഘത്തേയും രാഹുല്‍ വിമര്‍ശിച്ചു.
മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയ്ന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഓരോരുത്തരും നരേന്ദ്ര മോദിയോട് സാമ്യമുള്ളവരാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ ദളിത്, ഒ.ബി.സി വിഭാഗത്തില്‍ നിന്നോ മുസ്ലിം വിഭാഗത്തില്‍ നിന്നോ ആരുമില്ല. അവര്‍ തന്നെയാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്. എവിടെയെങ്കിലും കലാപങ്ങളുണ്ടായാല്‍ പിന്നെ ഇവരെ കാണില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദിയും കെജ്രിവാളും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
മോദി എല്ലാം തുറന്നു പറയുന്നു. കെജ്രിവാള് പിന്നില്‍നിന്ന് നിശബ്ദനായി പ്രവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസമെന്നും രാഹുല്‍ ആരോപിച്ചു.രണ്ട് വ്യത്യസ്ത ആശയങ്ങള്‍ തമ്മിലാണ് തിരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത്. ഒന്ന് ഐക്യത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും മറ്റൊന്ന് വിദ്വേഷം നിറഞ്ഞ ബിജെപിയും. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ പിന്നീട് ആരും അദ്ദേഹത്തെ ഓര്‍ക്കില്ല-രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.