അഹമ്മദാബാദ്: സെമിഫൈനല്‍ മത്സരത്തിനൊടുവില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. അടിമുടി സസ്പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ പുറത്താകാതെ 177 റണ്‍സ് നേടി കേരളത്തിന്റെ നട്ടെല്ലായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരം. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍. 80 റണ്‍സിനായിരുന്നു വിദർഭയുടെ വിജയം.
ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് 114 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഒന്നാംഇന്നിങ്സിന്റെ ലീഡോഡെയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ കേരളം കളിച്ച രീതിയും ആഗ്രഹിച്ചതും സമനിലയും ഒന്നാം ഇന്നിങ്സ് ലീഡുമായിരുന്നു. അതാകട്ടെ കടുത്ത സമ്മര്‍ദം അതിജീവിച്ച് കേരളം നേടിയെടുത്തു. മുഹമ്മദ് അസ്ഹറുദീന് ചങ്കുറപ്പോടെ ക്രീസ് അടക്കിഭരിച്ച(341 പന്തില്‍ നിന്ന് 177 റണ്‍സ് നോട്ടൗട്ട്) കളിയില്‍ ആദ്യം നായകന് സച്ചിന് ബേബിയുടേയും(195 പന്തില്‍ 69 റണ്‍സ്) പിന്നാലെ സല്മാന് നിസാറിന്റെയും(202 പന്തില്‍ 52 റണ്‍സ്) വീരോചിത ചെറുത്തുനില്പും അവസാന രണ്ട് ബാറ്റര്‍മാര്‍ ഒഴികെ എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്കിയ ടോട്ടല്‍ ടീം ഗെയിം. ആദ്യ രണ്ട് ദിവസവും കേരളം സേഫായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഗുജറാത്ത് ശക്തമായി തിരിച്ചടിച്ചു. ഒരു വിക്കറ്റിന് 200 കടന്നപ്പോള്‍ കേരളം അപകടം മണത്തു. എന്നാല്‍ നാലാം ദിനം ജലജ് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് മുന്‍നിരയെ വീഴ്ത്തി. അക്ഷോഭ്യനായി നിന്ന സെഞ്ചൂറിയന്‍(148 റണ്‍സ്) പാഞ്ചാലിനെ ബൗള്‍ഡാക്കിയ ജലജിന്റെ പന്താണ് ഈ കളിയുടെ ഗതിമാറ്റിയത്. മധ്യനിരയില്‍ ജയ്മീത് പട്ടേല്‍(79) പിടിച്ചുനിന്നപ്പോള്‍ ഗുജറാത്ത് ലീഡ് ഉറപ്പിച്ചു.
എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കേരളത്തിന്റെ വിശ്വാസം കാത്ത മറുനാടന്‍ താരം ആദിത്യ സര്‍വതെ മൂന്നു വിക്കറ്റെടുത്ത് കേരളത്തെ ലീഡിലേക്ക് നയിച്ചു. സച്ചിന് ബേബി ജയ്മീത്തിന്റെ ക്യാച്ച് രാവിലെ നഷ്ടപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് തോന്നി എന്നാല്‍ സര്‍വതെയുടെ പന്തില്‍ കീപ്പര്‍ അസ്ഹറുദീന്റെ മിന്നല്‍ സറ്റമ്പിങ് ആ കുറവ് നികത്തി. അവസാന വിക്കറ്റില്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ഷോര്‍ട്ട് ലെഗ് ഫീല്‍ഡറായ സല്മാന് നിസാറിന്റെ നേര്‍ക്ക് വന്ന ബുള്ളറ്റ് ഷോട്ട് കൈയില്‍ കയറി തെറിച്ചപ്പോള്‍ വീണ്ടും നിര്‍ഭാഗ്യത്തിന്റെ സമ്മര്‍ദവും നിരാശയും. തൊട്ടടുത്ത ഓവറില്‍ ജലജിന്റെ പന്ത് കുത്തിത്തിരിഞ്ഞ് ബാറ്ററെയും കീപ്പറെയും ഞെട്ടിച്ച് സ്റ്റമ്പിന് മുകളിലൂടെ ബൈയായി ബൗണ്ടറിയിലേക്ക്. വീണ്ടും നിര്‍ഭാഗ്യത്തിന്റെ നിമിഷങ്ങള്‍. കേരളം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ലീഡിന് രണ്ട് റണ്‍സ് മാത്രം അകലെ നാഗസ്വലയുടെ ബുള്ളറ്റ് ഷോട്ട്. നേരത്തെ വന്നതിന് സമാനമായ പവര്‍ഫുള്‍ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്റെ ഹെല്‍മറ്റിലേക്ക്. അവിടെ നിന്ന് മുകളിലേക്ക് ഒടുവില്‍ സ്ലിപ്പില്‍ നിന്ന സച്ചിന് ബേബിക്ക് അനായാസ ക്യാച്ച്. രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയവര്‍ ചേര്‍ന്ന് ഒരു ക്യാച്ചും ഒരു മത്സരവും ഫൈനലും സമ്മാനിച്ച ഫൈനല്‍ നിമിഷം കേരളത്തിന് രണ്ട് റണ്‍സ് ലീഡ്.

അവസാനദിവസം ആദിത്യ സര്‍വാതെയും ജലജ് സക്സേനയും ചേര്‍ന്ന് ഗുജറാത്തിനെ സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ക്കയറ്റി കളി കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു.വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്കോറിലേക്ക് 29 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ 436ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ ഏറക്കുറെ അപകടം ഒഴിവായി. പക്ഷേ, പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. ഇരുവരും എട്ടു ഓവര്‍ പിടിച്ചുനിന്ന് ഏഴു റണ്‍സ് നേടി. ഒടുക്കം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെ സാര്‍വതെ തന്നെ മടക്കി. കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്.
അഞ്ചാംദിനം ഓപ്പണര്‍മാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റണ്‍സ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സര്‍വാതെ നാലുവിക്കറ്റുകള്‍വീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാര്‍വാതെയ്ക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.