തൃശ്ശൂർ: പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയെ പോലീസ് കസ്റ്റഡിയിൽവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പോലീസ് തിങ്കളാഴ്ച കോടതിയിൽ നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ അപേക്ഷ പരിഗണിച്ച കോടതി രണ്ടുദിവസത്തേക്കാണ് റിജോയെ കസ്റ്റഡിയിൽവിട്ടത്. 20-ാം തീയതി രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കവർച്ച നടത്തുന്നതിനോ അതിനുശേഷമോ ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. മോഷണസമയം പ്രതി ഉപയോഗിച്ച ബാക്കി വസ്ത്രങ്ങളും കണ്ടെത്തേണ്ടതുണ്ട്.
പിടിയിലായ റിജോയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കവർച്ച. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ, പ്രതിബന്ധങ്ങളെല്ലാം തട്ടിമാറ്റി പ്രതിയിലേക്ക് എത്താനായത് പോലിസിന് വൻ നേട്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.