ആ കാര്യത്തിന് തീരുമാനമായി: കെ.സിയും തരൂരും അടക്കം ആരും മത്സരിക്കില്ല, എം.പിമാരുടെ നിയമസഭ മോഹത്തിന് രാഹുലിൻ്റെ റെഡ് സിഗ്നല്‍

ഡൽഹി: കോണ്‍ഗ്രസ്സ് നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെയ്ക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച്‌ ഒരാളെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ്സിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലുവിന്റെ കൂടി അഭിപ്രായം മാനിച്ചാണ് ഇത്തരം ഒരു നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്.

 ഇക്കാര്യം അദ്ദേഹം സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രത്യേക വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയാല്‍, പരസ്പരം കാലുവാരലും ഉള്‍പോരും വര്‍ദ്ധിക്കുമെന്നും അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കനഗോലുവും രാഹുല്‍ ഗാന്ധിയുമുള്ളത്. ഈ നിലപാട് കെ. സുധാകരന്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ശശി തരൂര്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ എം.പിമാര്‍ക്കാണ് തിരിച്ചടിയാകുക. എം.പി പദവിയേക്കാള്‍ മുഖ്യമന്ത്രി പദവിയും മന്ത്രിപദവിയും എല്ലാം ആഗ്രഹിക്കുന്നവരാണ് ഇവരെന്നതും പരസ്യമായ രഹസ്യമാണ്.

 മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കുന്ന തരൂരിനെ ഒതുക്കാന്‍, ഇത്തരം ഒരു പൊതു നിലപാടു കൊണ്ട് സാധിക്കുമെന്നതും രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നുണ്ട്. മേല്‍ സൂചിപ്പിച്ച എം.പി മാരില്‍ ഹൈബി ഈഡനും, ബെന്നി ബെഹനാനും പ്രതിനിധീകരിക്കുന്ന എറണാകുളം, ചാലക്കുടി ലോകസഭ മണ്ഡലങ്ങള്‍ ഒഴികെ മറ്റ് അഞ്ചു പേര്‍ മത്സരിക്കുന്ന ലോകസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍, അതും കോണ്‍ഗ്രസ്സിന് തിരിച്ചടിയാകാനാണ് സാധ്യത. ഇതും ടീം കനഗോലു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പുതിയ നിലപാടില്‍ വെട്ടിലായിരിക്കുന്നതിപ്പോള്‍ ആലപ്പുഴ എംപിയായ കെ.സി വേണുഗോപാല്‍ കൂടിയാണ്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മില്‍ പാര്‍ട്ടിയില്‍ കടുത്ത മത്സരം നടക്കുമെന്നും 

ഈ അവസരം ഉപയോഗിച്ച്‌ മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ കരുണാകരനെ മാറ്റി എ കെ ആന്റണി കേരളത്തില്‍ ലാന്‍ഡ് ചെയ്ത് മുഖ്യമന്ത്രി ആയതു പോലുള്ള ഒരു ലാന്‍ഡിങ് തനിക്ക് നഷ്ടമാകുമെന്നതാണ് കെ.സിയുടെ ഭയം.

 എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞാല്‍, പിന്നെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ആയാല്‍ പോലും എം.പി സ്ഥാനം രാജിവച്ച്‌ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കെ.സിക്കും സാധിക്കില്ല. അത്തരത്തിലുള്ള ഏത് ശ്രമവും കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിക്കും കാരണമാകും.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പോള്‍ ചെയ്ത ആകെ വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാല്‍ 4,04,560 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫിന് ലഭിച്ചത് 3,41,047 വോട്ടുകളാണ്. എന്നാല്‍ സകലരെയും ഞെട്ടിച്ച്‌ കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന്‍, 2,99,648 വോട്ടുകള്‍ നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

 ആലപ്പുഴയിലെ വോട്ടര്‍മാരുടെ എണ്ണം 2019-ല്‍ 80.25% ആയിരുന്നത്, 2024-ല്‍, 75.05% ആയി കുറഞ്ഞെങ്കിലും എന്‍ഡിഎ വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. 2019-ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ് രാധാകൃഷ്ണന്‍ 1,87,729 വോട്ടുകള്‍ നേടിയടത്താണ്, ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച്‌ വന്‍ മുന്നേറ്റം ശോഭ സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, ആലപ്പുഴയില്‍ ഇനിയൊരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫിന് ആ മണ്ഡലം കൈവിട്ട് പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

തൃശൂര്‍ ലോകസഭ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തത് കോണ്‍ഗ്രസ്സില്‍ നിന്നായതിനാല്‍, മറ്റൊരു സീറ്റില്‍ കൂടി അത്തരം അവസരം ഉണ്ടാക്കി കൊടുത്തു എന്ന പഴി കേള്‍ക്കാന്‍ എന്തായാലും കെ.സി ആഗ്രഹിച്ചാലും, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതൃത്വം ആഗ്രഹിക്കുകയില്ല.

 അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍, കോണ്‍ഗ്രസ്സിലെ കെ.സി വേണുഗോപാലിന്റെ അവസ്ഥയും അതി ദയനീയമാകും. ഇപ്പോള്‍ തന്നെ, കെ.സി വേണുഗോപാലിനെ സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും മാറ്റി, പകരം സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്ത് നിയോഗിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്.

 കോണ്‍ഗ്രസ്സിലെ ഉത്തരേന്ത്യന്‍ ലോബിയാണ് ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ബീഹാര്‍, കേരള, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടാലും സംഘാനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി വേണു ഗോപാലാണ് വലിയ വില നല്‍കേണ്ടി വരിക.

ഇതാണ് കെ.സി യുടെ അവസ്ഥയെങ്കില്‍, വി.ഡി സതീശനും, കെ. സുധാകരനും, രമേശ് ചെന്നിത്തലയും അഭിമുഖീകരിക്കുന്നതും, സമാന സാഹചര്യം തന്നെയാണ്. കെ സുധാകരനെ സംബന്ധിച്ച്‌ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയാല്‍ അതോടെ, കോണ്‍ഗ്രസ്സിലെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെയാണ് അവസാനിക്കുക. 

അതുകൊണ്ടു തന്നെ, നിയമസഭാ തിരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം പയറ്റുന്നത്. കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നതും അണിയറയിലെ തിരക്കഥ പ്രകാരമാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. 

കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വിഭാഗത്തിന് രമേശ് ചെന്നിത്തലയുടെയും കെ. മുരളീധരന്റെയും ശശി തരൂരിന്റെയും പിന്തുണയുമുണ്ട്.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് തന്നെ, വര്‍ക്കിങ് കമ്മിറ്റിയംഗമായ ശശി തരൂരാണ്. ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍, പിന്നെ മലക്കം മറിഞ്ഞ് പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍പ്പേര്‍ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു പറഞ്ഞതും, ഈ പിന്തുണ കണ്ടു തന്നെയാണ്.

 കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാമും സുധാകരനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കെ സുധാകരന്‍ അധ്യക്ഷനായശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

സുധാകരന്‍ മാറുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് പദവി വി.ഡി സതീശന്‍ ഒഴിയണമെന്ന വാദവും സുധാകരന്‍ വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇങ്ങനെ പരസ്പരം ഇരു ചേരികളും പോരടിക്കുമ്ബോള്‍, ‘എ’ വിഭാഗം നേതാവായ ബെന്നി ബഹനാനെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി കാട്ടി പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് ‘എ’ വിഭാഗം നടത്തുന്നത്. 

കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നോട്ടമുണ്ട്. സുധാകരന്‍ മാറേണ്ട സാഹചര്യം വന്നാല്‍, കെ മുരളീധരനെ പിന്തുണയ്ക്കാന്‍ രമേശ് ചെന്നിത്തലയും റെഡിയാണ്. അടൂര്‍ പ്രകാശിന്റെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും, ഈ നീക്കത്തിന് പൊതുവായ സ്വീകാര്യത പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും ലഭിച്ചിട്ടില്ലന്നതും ശ്രദ്ധയമാണ്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് ഏതാണ്ട് വ്യക്തമായതോടെ, വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് ഉറപ്പിച്ച്‌ നല്‍കുന്നതിനുള്ള മത്സരമാണ് ഇനി കോണ്‍ഗ്രസ്സില്‍ നടക്കാന്‍ പോകുന്നത്.

 വി.എം സുധീരനെ പോലെയുള്ള ജനസ്വാധീനമുള്ള നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ആഗ്രഹിക്കുന്നത്. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍, സുധീരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണിത്.

 ഈ അപകടം കോണ്‍ഗ്രസ്സിലെ സുധീരന്‍ വിരുദ്ധര്‍ക്ക് അറിയാമെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തേണ്ടതില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ ധാരണ. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും സ്പീക്കറാക്കാമല്ലോ എന്ന കണക്കു കൂട്ടലിലാണവര്‍.

സുധീരന്‍ മത്സരിക്കുന്നത് യു.ഡി.എഫിന്റെ വിജയ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ മുസ്ലീം ലീഗിനും സംശയമില്ല. പിണറായി – സുധീരന്‍ ഏറ്റുമുട്ടലായി തിരഞ്ഞെടുപ്പ് മാറുന്നത്, 

എന്തു കൊണ്ടും നല്ലതാണെന്നതാണ് ലീഗ് നേതാക്കള്‍ ചൂണ്ടി കാട്ടുന്നത്. ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല എന്ന തിരിച്ചറിവ് യു.ഡി.എഫ് നേതൃത്വത്തിന് കൈമോശം വന്നില്ലെങ്കില്‍ സുധീരന്‍ ഉള്‍പ്പെടെ, അപ്രതീക്ഷിതമായ പല സ്ഥാനാര്‍ത്ഥികളും ഇത്തവണ അവരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടംപിടിക്കും.

 അതോടെ, ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു കൂടിയാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !