യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് യുപി സ്വദേശിയായ യുവതി.
ഷഹ്സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ അല്‍ വാതാബ ജയിലില്‍ കഴിയുകയാണ് ഷഹ്സാദി.അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്സാദി ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്നും പറഞ്ഞു.
യുപിയിലെ ബാന്ദ സ്വദേശിയാണ് ഷഹ്സാദി. 2021ലാണ് ഇവര്‍ അബുദാബിയിലെത്തിയത്. ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഇവര്‍ വൈകാതെ യുഎഇയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഉസൈര്‍ ഇവരെ ആഗ്ര സ്വദേശികളായ ദമ്പതികള്‍ക്ക് വിറ്റു. അവരാണ് ഷഹ്സാദിയെ അബുദാബിയിലേക്ക് കൊണ്ടുപോയത്.എന്നാല്‍ ഈ വിഷയത്തില്‍ ബാന്ദ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഈ ദമ്പതികള്‍ക്കും ഉസൈറിനുമെതിരെ അധികൃതര്‍ മനുഷ്യകടത്ത് ആരോപിച്ച് കേസെടുത്തു. ഈ ദമ്പതികള്‍ നിലവില്‍ ദുബായിലാണുള്ളത്.
ദമ്പതികളുടെ മകനെ നോക്കാനായിരുന്നു ഷഹ്സാദിയെ ഇവര്‍ അബുദാബിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈ കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്സാദിയുടെ ജീവിതം ദുരിതത്തിലായി. മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്സാദിയാണെന്ന് ആരോപിച്ച് ദമ്പതികള്‍ പരാതി നല്കി.
തുടര്‍ന്ന് പോലീസ് ഷഹ്സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിവിധിയ്ക്ക് പിന്നാലെ ഷഹ്സാദിയുടെ പിതാവ് ഷാബിര്‍ ഖാന് ജില്ലാഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്റെ മകളുടെ ജീവന് രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്സാദി. ചെറിയ പ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഷഹ്സാദിയുടെ മുഖത്ത് മുറിവേറ്റിരുന്നു. 2020ലാണ് സോഷ്യല്‍ മീഡിയയിലൂടെ ഉസൈറുമായി ഷഹ്സാദി പരിചയത്തിലായത്. മുഖത്തെ മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഉസൈര്‍ ഇവരോട് പറഞ്ഞു.
ആഡംബര ജീവിതം നല്‍കാമെന്നും ഇയാള്‍ ഷഹ്സാദിയ്ക്ക് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് ഇവര്‍ ആഗ്രയിലേക്ക് എത്തിയത്. എന്നാല്‍ അബുദാബിയിലെത്തിച്ച ഷഹ്സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഫൈസ്-നദിയ എന്നീ ദമ്പതികള്‍ക്കാണ് ഇയാള്‍ ഷഹ്സാദിയെ കൈമാറിയത്. ഇതിനിടെയാണ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകന് മരിച്ചത്.
ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്സാദിയും പിതാവും വാദിച്ചു. എന്നാല്‍ തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്സാദിയാണെന്ന് ദമ്പതികള്‍ ആരോപിച്ചു. ഇതോടെയാണ് ഇവര്‍ ഷഹ്സാദിയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കേസ് പരിഗണിച്ച അബുദാബിയിലെ കോടതി ഷഹ്സാദിയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
ഫെബ്രുവരി 17ന് ഷഹ്സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍ നിന്നും ഫോണ്‍ കോളെത്തി. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും ഷഹ്സാദി പറഞ്ഞു.
അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്സാദിയുടെ കുടുംബം സര്‍ക്കാരിനേയും രാഷ്ട്രപതിയേയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.