തിരുവനന്തപുരം: പിവി അൻവറിനെതിരെ തൃണമൂല്‍ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി അയച്ചു.
തൃണമൂലിൻ്റെ പേരില്‍ അൻവർ പണപ്പിരിവ് നടത്തുന്നുവെന്നും, പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികള്‍ പിരിക്കുന്നുവെന്നുമാണ് പരാതി.അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണമെന്നും സംസ്ഥാന അധ്യക്ഷൻ സിജി ഉണ്ണി അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പി വി അൻവറിനെതിരെ മമതാ ബാനർജിക്ക് അയച്ച ഇ മെയിലില്‍ സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്.
അൻവറിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിയുടെ പേരില്‍ ഫണ്ട് സ്വരൂപിക്കലും കണക്കിലെടുത്ത് സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.തൃണമൂല്‍ ദേശീയ നേതൃത്വം അൻവറിനെ സംസ്ഥാന കോർഡിനേറ്ററായി നിയമിച്ചത് അൻവറിൻ്റെ ക്രിമിനല്‍ പശ്ചാത്തലമോ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചോ ഒരു പ്രാഥമിക അന്വേഷണവും നടത്താതെയാണ്. ദേശീയ നേതൃത്വം തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് അവകാശപ്പെട്ടും പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന ഭാരവാഹിത്വം വാഗ്ദാനം ചെയ്തും അൻവർ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ പരാതിയില്‍ ആരോപിക്കുന്നു.
യുഡിഎഫ് പ്രവേശനത്തിനുള്ള ഒരു ഇടത്താവളമായി മാത്രമാണ് അൻവർ തൃണമൂലിനെ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
ഡിഎംകെ, എസ്പി, ബിഎസ്പി, ജനതാദള്‍ (യു) എന്നിവയില്‍ ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ് അൻവർ തൃണമൂലില്‍ എത്തിയതെന്നും ഇ മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇതേ ആരോപണങ്ങള്‍ മമതക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലും ആവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ എതിർപ്പ് മറികടന്ന് അൻവറിനെ ദേശീയ നേതൃത്വം സ്വീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകമാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.