ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രിക സുനിത വില്യംസും അവരുടെ ബഹിരാകാശ പങ്കാളിയായ ബുച്ച് വില്‍മോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.
അടുത്തിടെ വില്‍മോറിനൊപ്പം സുനിത വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം നടത്തി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. ഇതിനിടയില്‍ സുനിത ഒരു സെല്‍ഫി എടുത്തു. ലോകത്തെ അമ്പരപ്പിക്കുന്ന ആ സെല്‍ഫി ഇപ്പോള്‍ നാസ പുറത്തുവിട്ടു. ഈ സെല്‍ഫിയില്‍, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം.ഐഎസ്‌എസിന് പുറത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത എടുത്ത സെല്‍ഫി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചത്. ഈ സെല്‍ഫിയെ 'ദി അള്‍ട്ടിമേറ്റ് സെല്‍ഫി' എന്നാണ് നാസ വിളിച്ചത്.
ഈ ചിത്രം ജനുവരി 30 നാണ് സുനിത വില്യംസ് എടുത്തത്. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം (ISS) പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായിരുന്നു.നാസ പറയുന്നത് ഇങ്ങനെ
2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളില്‍ 263 മൈല്‍ (423 കിലോമീറ്റർ) ഉയരത്തില്‍ ഐഎസ്‌എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത് എന്ന് നാസ പറയുന്നു. സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശയാത്രയ്ക്കിടെയാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നതെന്നും നാസ വ്യക്തമാക്കി. 5.5 മണിക്കൂർ നീണ്ടുനിന്ന ഈ ഒമ്ബതാം ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശയാത്രികൻ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിന്‍റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങള്‍ നീക്കം ചെയ്യുകയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ വെന്‍റിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതായും നാസ പറഞ്ഞു.
ബഹിരാകാശ നിലയം സൂക്ഷ്‍മാണുക്കളെ പുറത്തുവിടുന്നുണ്ടോ അഥവാ ഉണ്ടെങ്കില്‍ അവയ്ക്ക് അതിജീവിക്കാനും ബഹിരാകാശത്ത് വ്യാപിക്കാനും കഴിയുമോ, അവയ്ക്ക് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാൻ ഈ സാമ്പിളുകള്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാസ പറഞ്ഞു.
കഠിനമായ ബഹിരാകാശ പരിതസ്ഥിതികളില്‍ ഈ സൂക്ഷ്മാണുക്കള്‍ അതിജീവിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്നും ചന്ദ്രൻ, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളില്‍ അവ എങ്ങനെ പ്രവർത്തിക്കുമെന്നും മനസിലാക്കാനും ഗവേഷകരെ അവ സഹായിക്കും. അതുകൊണ്ടുതന്നെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാൻ ഈ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞഞക്ക് സഹായകരമാകും.
ബഹിരാകാശത്തു നിന്നുള്ള അതിശയകരമായ കാഴ്ച
ഇനി സുനിത വില്യംസിന്‍റെ ഈ സെല്‍ഫി വിശേഷങ്ങളിലേക്കു കടന്നാല്‍ ഈ സെല്‍ഫിയിലെ ഹെല്‍മെറ്റില്‍ സുനിത വില്യംസിന്‍റെ പ്രതിബിംബം കാണാം. പിന്നില്‍ വിശാലമായ ഇരുട്ട് നിറഞ്ഞ സ്ഥലവും കാണാം. ബഹിരാകാശ നിലയത്തിന്‍റെ ഒരു ഭാഗവും കടും നീല പസഫിക് സമുദ്രവും ഈ സെല്‍ഫിയില്‍ ദൃശ്യമാണ്.
ഭൂമിയുടെ ഒരു ഭാഗവും ഫ്രെയിമില്‍ സൂക്ഷ്‍മമായി പ്രത്യക്ഷപ്പെടുന്നു. ഇത് ചിത്രത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ചിത്രത്തെ പ്രശംസിച്ചു. "ചരിത്രത്തിലെ എക്കാലത്തെയും മികച്ച സെല്‍ഫി" എന്ന് പലരും അഭിപ്രായപ്പെട്ടു.
റെക്കോർഡ് ഭേദിച്ച ബഹിരാകാശ നടത്തം
ഈ ബഹിരാകാശ നടത്തത്തോടെ, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതാ ബഹിരാകാശയാത്രിക എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. സുനിത വില്യംസും വില്‍മോറും ഏകദേശം അഞ്ചര മണിക്കൂർ ബഹിരാകാശ നടത്തത്തില്‍ തുടർന്നുവെന്ന് നാസ അറിയിച്ചു.
നാസയിലെ ഇതിഹാസ യാത്രിക പെഗ്ഗി വിറ്റ്‌സണിന്‍റെ ആകെ ബഹിരാകാശ നടത്ത സമയത്തിന്‍റെ റെക്കോർഡ് സുനിത വില്യംസ് തകർത്തു. ഇതുവരെ ആകെ 62 മണിക്കൂറും 6 മിനിറ്റും വില്യംസ് ബഹിരാകാശ നടത്തത്തിനായി ചെലവഴിച്ചു.
എപ്പോള്‍ സുനിത തിരിച്ചുവരും?
2024 ജൂണ്‍ മാസം മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ ഉണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനറിലെ സാങ്കേതിക തകരാർ കാരണം അവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അങ്ങനെയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും എട്ട് മാസമായി ഐഎസ്‌എസില്‍ തുടരുന്നത്.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. പക്ഷേ തകരാറുകളെത്തുടർന്ന് തിരിച്ചുവരവ് പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. എന്തായാലും ഈ മാർച്ച് അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തിന് മുമ്പ് ഭൂമിയിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് സാധ്യമല്ല എന്നാണ് റിപ്പോർട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.