പാലക്കാട് : പാലക്കാട് ഷാപ്പില്‍ നിന്നും പരിശോധനയ്ക്കെടുത്ത കള്ളില്‍ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ഷാപ്പുകള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറുടെ നിർദേശം.
പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കാണ് നിർദേശം നല്‍കിയത്. ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ്. വരും ദിവസങ്ങളിലും കള്ള്ഷാപ്പ് കേന്ദ്രീകരിച്ച് പരിശോധന തുടരും. പിഴവ് കണ്ടെത്തിയിട്ടും സിപിഎം സമ്മർദം കാരണം നടപടി വൈകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കള്ളില്‍ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ സാധാരണ ആഴ്ചയിലൊരിക്കല്‍ ഷാപ്പുകളില്‍ നിന്ന് കള്ളിൻറെ സാമ്പിള്‍ എക്സൈസ് സംഘം പരിശോധനയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്നുളള കള്ളിൻറെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബില്‍ നിന്നും ലഭിച്ച റിപ്പോർട്ടില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കഫ് സിറപ്പില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ ശരീരത്തിലെത്തിയാള്‍ ചെറിയ മയക്കവും ക്ഷീണവും ഉണ്ടാകും. രണ്ട് ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. കള്ളിലെ കഫ് സിറപ്പ് കണ്ടെത്തിയത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഉടമസ്ഥതയിലുള്ള ഷാപ്പില്‍ നിന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷാപ്പുകള്‍ നടത്തുന്നത് മറ്റൊരു ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ്.ലാബ് റിപ്പോർട്ട് വന്നിട്ടും ഷാപ്പുകള്‍ അടക്കാത്തത് എക്സൈസ് കമ്മീഷണറുടെ അനുമതി കിട്ടാത്തതാണ് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ഷാപ്പ് ഉടമയും സിപിഎം നേതാവുമായ ശിവരാജൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.