കേരളത്തിന് കിരീടപ്പോര്: ചരിത്രനേട്ടത്തിന്‍റെ പടിവാതിലില്‍ കേരളം, രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം, എതിരാളികള്‍ വിദര്‍ഭ; സാധ്യതാ ടീം,

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലില്‍ കരുത്തരായ വിദർഭയാണ് എതിരാളികള്‍.

രാവിലെ ഒൻപതരയ്ക്ക് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണില്‍ തോല്‍വി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്.

 സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡില്‍ മറികടന്നാണ് കേരളം ആദ്യ ഫൈനല്‍ ഉറപ്പിച്ചത്. വിദർഭ സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോല്‍പിച്ചു. കേരളവും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. 

വിദർഭ 2018ല്‍ ക്വാർട്ടർ ഫൈനലിലും 2019ല്‍ സെമിഫൈനലിലും കേരളത്തെ തോല്‍പിച്ചു. ഈ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരില്‍ ഇറങ്ങുന്നത്.

ക്വാർട്ടർ ഫൈനലില്‍ ജമ്മു കാശ്മീരിനെയും സെമി ഫൈനലില്‍ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകള്‍. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്.

ഇതുവരെയുള്ള മത്സരങ്ങളില്‍ മുഹമ്മദ് അസ്ഹറുദ്ദീനും സല്‍മാൻ നിസാറും ഉള്‍പ്പെട്ട മധ്യനിരയുടെയും ലോവർ ഓ‍ർഡർ ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. ഫൈനലില്‍ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉള്‍പ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകള്‍ കളിക്കേണ്ടത് അനിവാര്യമാണ്.

 പ്രത്യേകിച്ചും മത്സരം സമനിലയിലായാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർ ജേതാക്കളാവുന്ന പശ്ചാത്തലത്തില്‍. ബൗളിംഗില്‍ എം ഡി നിധീഷ്, ജലജ് സക്സനേ, ആദിത്യ സർവാതെ എന്നിവരിലാണ് പ്രധാന പ്രതീക്ഷകള്‍. ഗുജറാത്തിനെതിരെ സെമി കളിച്ച കേരള ടീമില്‍ ഒരുമാറ്റത്തിനാണ് സാധ്യതയുണ്ട്.

ഗുജറാത്തിനെതിരെ കേരളം വരുണ്‍ നായനാർക്കും അഹമ്മദ് ഇമ്രാനും അരങ്ങേറ്റം നല്‍കിയിരുന്നു. രണ്ട് ഇന്നിംഗ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന വരുണിന് ടീമിലെ സ്ഥാനം നഷ്ടമാവും. വരുണിന് പകരം ഷോണ്‍ റോജറോ ഇല്ലെങ്കില്‍ ഒരു ഫാസ്റ്റ് ബൗളറോ ടീമിലെത്തും. 

ഇക്കാര്യത്തില്‍ ഇന്ന് രാവിലെ പിച്ച്‌ പരിശോധിച്ച ശേഷമാവും ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനത്തില്‍ എത്തുക. ഒരുപേസറെ അധികമായി ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ ബേസില്‍ തമ്പി യെയാവും ആദ്യം പരിഗണിക്കുക. 

ബേസില്‍ തമ്പി പരിക്കില്‍ നിന്ന് പൂർണ മുക്തനായില്ലെങ്കില്‍ ഏഥൻ ആപ്പിള്‍ ടോമിന് അവസരം കിട്ടും. സെമി ഫൈനലിലെ സമ്മർദഘട്ടത്തില്‍ അരങ്ങേറ്റക്കാരനായിട്ടും മനസ്സാന്നിധ്യത്തോടെ ബാറ്റ് ചെയ്ത യുവതാരം അഹമ്മദ് ഇമ്രാന് ഫൈനലിലും അവസരം നല്‍കാനാണ് കേരള ടീമിന്‍റെ തീരുമാനം.

വിദർഭയിലേക്ക് വരുകയാണെങ്കില്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും ജേതാക്കളായ വിദർഭ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈയെ വീഴ്ത്തിയാണ് വിദർഭ ഇത്തവണ ഫൈനലിലേക്ക് എത്തുന്നത്.

 യഷ് റാഥോഡ്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടൈഡെ, പാതിമലയാളിയായ കരുണ്‍ നായർ എന്നിവരാണ് വിദർഭയുടെ കരുത്ത്. റണ്‍ വേട്ടയില്‍ യഷ് റഥോഡും വിക്കറ്റ് വേട്ടയില്‍ ഹർഷ് ദുബേയും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

രണ്ട് തോല്‍വികള്‍ക്ക് പകരം വീട്ടാൻ കൂടിയാണ് കേരളം ഇന്നിറങ്ങുന്നത്. വിദർഭ 2018ലെ ക്വാർട്ടർ ഫൈനലിലും 2019ലെ സെമിയിലും കേരളത്തെ തോല്‍പിച്ചിരുന്നു. ഈ തോല്‍വികള്‍ക്ക് വിദർഭയുടെ മൈതാനത്ത് പകരം വീട്ടി കേരളം ഇന്ത്യൻ ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !