ബംഗളൂരു: ദേവിക്ക് നരബലി നല്‍കിയാല്‍ നിധി കിട്ടുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് മധ്യവയസ്‌കനെ കൊലപ്പെടുത്തി യുവാവ്.
കർണാടകയിലെ ചിത്രദുര്‍ഗയില്‍ യുവാവും ജ്യോതിഷനും അറസ്റ്റില്‍. ഭൂമിയില്‍ നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും അത് സ്വന്തമാക്കണമെങ്കില്‍ മാരാമ്മയ്ക്ക് നരബലി കൊടുക്കണമെന്നും ജ്യോത്സ്യനാണ് യുവാവിനോട് പറഞ്ഞത്.നരബലിക്കായി യുവാവ് ചെരുപ്പുകുത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു. 52കാരനായ പ്രഭാകർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡി എന്ന യുവാവിനെയും ഇയാളോട് മനുഷ്യബലി കഴിക്കാൻ നിർദ്ദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണയേയും പൊലീസ് അറസ്റ്റ് ചെയ്തു.കർണാടക-ആന്ധ്ര അതിർത്തിക്ക് സമീപത്താണ് പ്രഭാകറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താവുന്നതും ആനന്ദ് റെഡ്ഡിയും രാമകൃഷ്ണയും അറസ്റ്റിലാകുന്നതും.
ആനന്ദ് റെഡ്ഡി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം മാറാന്‍ വഴി തേടിയാണ് ആനന്ദ് ജ്യോത്സ്യനായ രാമകൃഷ്ണയുടെ അടുത്തെത്തുന്നത്. പരശുരംപുരയില്‍ നിധിയുണ്ടെന്നും അത് സ്വന്തമാക്കാൻ നരബലി നടത്തിയാല്‍ മതിയെന്ന് ജ്യോത്സ്യന്‍ പറഞ്ഞു.
മനുഷ്യക്കുരുതി നടത്തി ആ രക്തം മാരമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ അത് സ്വര്‍ണമായി തിരികെ ലഭിക്കുമെന്നായിരുന്നു രാമകൃഷ്ണ, ആനന്ദിനെ വിശ്വസിപ്പിച്ചത്. ഇതോടെ ആനന്ദ് നരബലി നടത്താനായി ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ഇതിനിടെയാണ് ചില്ലകേരെ ബസ് സ്റ്റോപ്പില്‍ ചെരുപ്പുകുത്തിയായിരുന്ന പ്രഭാകറിനെ ആനന്ദ് നോട്ടമിടുന്നത്. പിന്നീട് ഇയാളെ എങ്ങനെ ട്രാപ്പിലാക്കാമെന്ന് ചിന്തയിലായി. ഒടുവില്‍ സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങിയ പ്രഭാകറിനോട് താന്‍ ബൈക്കില്‍ വീട്ടിലേക്ക് ഇറക്കാമെന്ന് ആനന്ദ് പറഞ്ഞു.
പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് പ്രഭാകറിനെ എത്തിച്ചു. വാഹനത്തിന്‍റെ പെട്രോള്‍ തീർന്നെന്ന് പറഞ്ഞ് ആനന്ദ് പ്രഭാകറിനെ ബൈക്കില്‍ നിന്നും ഇറക്കി. തുടർന്ന് കൈവശം സൂക്ഷിച്ചിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് നിരവധി തവണ പ്രഭാകറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് പോലെയുള്ള മൂർച്ചയുള്ള കത്തിയാണ് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം നരബലിക്ക് ആളെ കിട്ടിയെന്ന് പ്രതി ജ്യോത്സനെ ഫോണില്‍ വിളിച്ച് അറിയിച്ചതായും പൊലീസ് പറഞ്ഞു.
ഇരുവരുടേയും ഫോണ്‍ കോളുകള്‍ പരിശോധിച്ച് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നരബലി ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആനന്ദും, ജ്യോത്സ്യനും പൊലീസിന്‍റെ പിടിയിലാകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.