വയനാട്;വലിയ ആശ്വാസത്തിലാണ് മാനന്തവാടി പിലാക്കാവിലെ പഞ്ചാരക്കൊല്ലി പ്രദേശം. പ്രദേശവാസിയായ രാധയെ കൊല്ലുകയും ദിവസങ്ങളോളം പ്രദേശത്തെ മുള്‍മുനയിലാക്കുകയും ചെയ്ത കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ആഹ്ളാദത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
എങ്കിലും ചത്തത് രാധയുടെ ജീവനെടുത്ത നരഭോജി കടുവതന്നെയാണ് ശാസ്ത്രീയമായി തെളിയണമെന്ന നിലപാടിലാണ് ഇവര്‍. മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ ദൗത്യം തുടരുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആര്.ആര്.ടി സംഘവും സ്ഥിരീകരിച്ചതോടെ ഭീതിയുടെ പിടിയില്‍ നിന്ന് ഈ നാട് മോചിപ്പിക്കപ്പെടുകയാണ്.
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് നാട് സന്തോഷവാര്‍ത്തയെ വരവേറ്റത്.കടുവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്ഥിരംസാന്നിധ്യമുണ്ടാവുന്ന പ്രദേശങ്ങളാണ് പിലാക്കാവും പഞ്ചാരക്കൊല്ലിയും മണിയന്കുന്നുമൊക്കെയെങ്കിലും കടുവ ആളെക്കൊന്ന സംഭവം ഇവിടെയാദ്യമാണ്. പഞ്ചാരക്കൊല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ മീന്മുട്ടി താറാട്ട് രാധയാണ് (46) ദാരുണമായി കൊല്ലപ്പെട്ടത്.
കാപ്പിത്തോട്ടത്തില്‍വെച്ച് കടുവ രാധയെ അക്രമിച്ചതിന് ശേഷം നൂറ് മീറ്ററോളം ഉള്‍ക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് ഭക്ഷിച്ചത്. കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാധയുടെ വിയോഗവാര്‍ത്ത പടര്‍ന്നതോടെ ഞെട്ടലാണ് പ്രദേശവാസികള്‍ക്കെല്ലാം ആദ്യമുണ്ടായത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെത്തന്നെ രാധയെ തന്റെ ഇരുചക്രവാഹനത്തില്‍ കൊണ്ടിറക്കിയാണ് താത്കാലിക വനംവാച്ചറായ ഭര്‍ത്താവ് അച്ചപ്പന്‍ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജോലിക്കുപോയത്. പിലാക്കാവ്- മണിയന്‍കുന്ന് സംരക്ഷിത വനമേഖലയോട് ഏകദേശം അഞ്ചുമീറ്റര്മാത്രം അകലെയുള്ള തോട്ടത്തില്‍വെച്ചാണ് രാധയെ കടുവ ആക്രമിച്ചത്.
പതിവ് മാവോയിസ്റ്റ് പരിശോധനയ്ക്കായി കാടുകയറിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കടുവ തിന്ന മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കൃത്യസമയത്ത് ഇവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ ഇതുപോലും ലഭിക്കില്ലായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒന്പതോടെത്തന്നെ മൃതദേഹം കണ്ടെങ്കിലും വിവരം പുറത്തറിഞ്ഞത് 11-ഓടെയാണ്. വനപാലകരുടെയും പോലീസിന്റെ വാഹനങ്ങള്‍ ഒന്നിനുപിറകേ ഒന്നായി എത്തിയതോടെയാണ് തങ്ങളുടെ പ്രദേശത്ത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നല്‍ പ്രദേശവാസികള്‍ക്കുണ്ടായത്.രാധ കൊല്ലപ്പെട്ട വിവരമറിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യവുമായി നാട്ടുകാര്‍ സംഘടിച്ചു. വനപ്രദേശത്തുനിന്ന് മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യം പ്രദേശവാസികള്‍. മന്ത്രി ഒ.ആര് കേളു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്ട്ടിന് ലോവല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്. തുടര്‍ന്ന് തീരുമാനങ്ങള്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മോര്‍ച്ചറിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.
ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നരഭോജി കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റ് ഗസ്റ്റ്ഹൗസ് ബേസ് ക്യാമ്പാക്കി തീവ്ര തിരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച രാധയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടിയില്‍ യു.ഡി.എഫും എസ്.ഡി.പി.ഐയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. നഗരസഭയുടെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിനിടയില്‍ കടുവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലിറങ്ങി. കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ എഡിഎം കെ ദേവകിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കടുവയെ ജീവനോടെ പിടികൂടിയാല്‍ മൃഗശാലയിലേക്ക് മാറ്റുമെന്ന് തീരുമാനമെടുത്തു.
അപ്പോഴും വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ പ്രദേശവാസികള്‍ ഉറച്ചുനിന്നു. ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ 8 പേരടങ്ങുന്ന പത്ത് സംഘങ്ങള്‍ പ്രദേശം അരിച്ചുപെറുക്കി. ആകെ 85 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് കൂടുകളും സ്ഥാപിച്ചു. ഞായറാഴ്ച വനത്തിനുള്ളില്‍ കയറി തിരച്ചില്‍ തുടരുന്നതിനിടയില്‍ ദൗത്യ സംഘത്തിന് നേരെ കടുവ പുറകില്‍ നിന്ന് ആക്രമിച്ചു. ജയസൂര്യ എന്ന വനപാലകനെ കടുവ അടിച്ചിട്ടു. കടുവയുടെ നഖം തട്ടി വനപാലകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന് രാധയുടെ വീട്ടിലെത്തി. രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുവയ്ക്കായുള്ള അന്വേഷണം തീവ്രമായി മുന്നോട്ട് പോയെങ്കിലും മൂന്നാം മൂന്നാം ദിവസവും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയോടെ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ തന്നെ ദൗത്വം ആരംഭിച്ചു. കുങ്കിയാനകളും ഷാര്‍പ്പ് ഷൂട്ടര്‍മാരുമായി പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഘം കടുവയുടെ മൃതദേഹം കണ്ടെത്തുന്നത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകള്‍ ഒത്തു നോക്കി വിദഗ്ധ സംഘം മൃതദേഹം നരഭോജിയുടെതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.