കൊച്ചി ;കൂട്ടക്കൊലയിൽ കുറ്റബോധമില്ലാതെ കുറ്റം ഏറ്റുപറഞ്ഞ് ഋതു ജയൻ. ചേന്ദമംഗലത്ത് ദമ്പതികളെയും മരുമകളെയും അടിച്ചുകൊന്ന കേസിലെ പ്രതി അയൽവാസിയായ ഋതുവിനെ ചോദ്യം ചെയ്തപ്പോൾ പ്രകടിപ്പിച്ച മാനസികാവസ്ഥ ഇതാണെന്നാണു പൊലീസ് പറയുന്നത്.
തന്റെ കുടുംബത്തെ നിരന്തരം അധിക്ഷേപിച്ചതിനാലും സഹോദരിയെക്കുറിച്ച് ജിതിൻ ബോസ് മോശമായി സംസാരിച്ചതിനാലുമാണ് കൂട്ടക്കൊല നടത്തിയതെന്നും ഇയാൾ പറയുന്നു. കൊലപാതകത്തിനു പിന്നാലെ ഇന്നലെ കസ്റ്റഡിയിലെടുത്ത ഋതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പറവൂർ കോടതിയിലെത്തിച്ചപ്പോൾ പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.അതിനിടെ, ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ ബോസിന്റെ ചികിത്സയ്ക്കായി ചേന്ദമംഗലം പഞ്ചായത്ത് ധനസമാഹരണം തുടങ്ങി.
ആക്രമണത്തിന്റെ സമയത്ത് ഋതു മദ്യപിച്ചിരുന്നില്ലെന്ന് ഇന്നലെ രാത്രി നടത്തിയ വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തസാംപിളുകളും മറ്റും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ പൂർവകാല ചെയ്തികളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പരിശോധിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപാണ് ഋതു ബെംഗളൂരുവിൽ നിന്ന് ചേന്ദമംഗലത്തെത്തിയത്. ജിതിൻ തന്റെ സഹോദരിയെ കുറിച്ച് മോശമായി സംസാരിച്ചെന്നും അതിനാൽ ഇയാളെ ആക്രമിക്കാനാണ് ചെന്നതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
മുഖാമുഖമാണ് ഇരു കൂട്ടരുടെയും വീട്. ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ തലയ്ക്കടിച്ചു വീഴ്ത്തിയതിനു പിന്നാലെ പുറത്തുവന്ന ജിതിനെ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ബഹളം കേട്ട് പുറത്തുവന്ന വേണുവിനെയും ഭാര്യ ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി. വിനീഷയുടെ തലയിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ മുറിവുണ്ട്. വേണുവിന്റെ തലയിൽ ആറിടത്തും ഉഷയുടെ തലയിൽ മൂന്നിടത്തും മുറിവുകളുണ്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ജിതിൻ. ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമുള്ളതിനാൽ ചികിത്സാ സഹായം തേടി പഞ്ചായത്ത് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീനയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. ഋതു നാട്ടിലാകെ ശല്യമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോള്‍ പഞ്ചായത്ത് അധികൃതരും ഇടപെട്ടിരുന്നു.
ഋതുവിനെ ഒട്ടേറെ തവണ കസ്റ്റഡിയിലെടുക്കുകയും രണ്ടു തവണയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ചെറുപ്പം മുതൽ ഇയാൾ ക്രിമിനൽവാസന കാണിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ചെറുപ്പത്തിൽ തന്നെ ലഹരി ഉപയോഗവും തുടങ്ങി. പലർക്കും ഇയാളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിലും ഭയന്ന് ആരും പ്രതികരിക്കാറില്ലായിരുന്നു എന്നും പറയപ്പെടുന്നു.കൊലപാതകത്തിനു ശേഷം ജിതിന്റെ സ്കൂട്ടറിലാണ് പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഇറങ്ങി സിഗരറ്റ് വാങ്ങി കത്തിച്ച് ഹെൽമറ്റ് വയ്ക്കാതെ വണ്ടിയെടുക്കാൻ തുടങ്ങുമ്പോൾ പട്രോളിങ്ങിനായി വന്ന വടക്കേക്കര പൊലീസ് ഇയാളെ തടയുകയായിരുന്നു. പന്തികേടു മണത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ നാലു പേരെ കൊന്നുവെന്നും സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നും ഇയാൾ പറയുന്നത്. പിന്നീട് അക്രമസ്വഭാവങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.