തൃശൂർ ;യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട ബിനിൽ ബാബു അടക്കമുള്ളവരെ റഷ്യൻ കൂലിപ്പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്ത കേസിൽ മുഖ്യപ്രതികൾ പൊലീസിന്റെ പിടിയിൽ.
ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപത്തെ ഓഫിസ് കേന്ദ്രീകരിച്ചു റഷ്യയിലേക്കു മനുഷ്യക്കടത്തു നടത്തിയിരുന്ന തൃശൂർ സ്വദേശി സുമേഷ് ആന്റണി, എരുമപ്പെട്ടി തയ്യൂർ പാടത്തു സിബി, എറണാകുളം സ്വദേശി സന്ദീപ് തോമസ് എന്നിവരാണു കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
ഇമിഗ്രേഷൻ നിയമവുമായി ബന്ധപ്പെട്ട കേസ് ആണെന്നതിനാൽ സങ്കീർണ പരിശോധനകൾക്കു ശേഷമേ തുടർ നടപടികൾക്കു സാധ്യതയുള്ളൂ. ബിനിലിന്റെ ഭാര്യ കുട്ടനെല്ലൂർ തോലത്ത് ജോയ്സി, യുദ്ധത്തിൽ ഗുരുതര പരുക്കേറ്റു മോസ്കോയിലെ ആശുപത്രിയിൽ കഴിയുന്ന ജെയ്ൻ കുര്യന്റെ പിതാവ് കുര്യൻ മാത്യു എന്നിവർ നൽകിയ പരാതികളിലാണു വടക്കാഞ്ചേരി പൊലീസിന്റെ നടപടി.
പോളണ്ടിൽ ജോലി ശരിയാക്കി നൽകാമെന്നു വാഗ്ദാനം ചെയ്താണു പ്രതികൾ ഇരകളിൽനിന്ന് 1.40 ലക്ഷം മുതൽ രണ്ടരലക്ഷം രൂപ വരെ വാങ്ങിയത്. പോളണ്ടിലേക്കുള്ള വീസ റദ്ദായെന്നും റഷ്യയിൽ ഇതിലുംകൂടുതൽ ശമ്പളമുള്ള ജോലി ലഭിക്കുമെന്നും ഇവർ വാഗ്ദാനം ചെയ്തു.
റഷ്യൻ സേനയുടെ മോസ്കോയിലെ ക്യാംപുകളിൽ ഇലക്ട്രിക്കൽ, പ്ലമിങ് ജോലികളിൽ സഹായി ആയി 2ലക്ഷം രൂപ മാസശമ്പളമുള്ള ജോലി ശരിയായിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു റഷ്യയിലേക്കു കയറ്റിവിട്ടത്. വിമാന ടിക്കറ്റിനെന്ന പേരിൽ 4.20ലക്ഷം രൂപ കൂടി വാങ്ങി. എന്നാൽ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്താണിവർ നടത്തിയതെന്നു റഷ്യയിലെത്തിയ ശേഷമാണ് ഇരകൾക്കു മനസ്സിലായത്.
ഇരയായവരിൽ 2പേർ യുദ്ധമുഖത്തു കൊല്ലപ്പെട്ടതോടെയാണു പൊലീസ് അന്വേഷണം ഊർജിതമായത്. ∙ ഓർക്കണം, അനധികൃത റിക്രൂട്മെന്റ് തടയാൻ ടാസ്ക് ഫോഴ്സ് ഉണ്ട് വിദേശത്തേക്കുള്ള അനധികൃത റിക്രൂട്മെന്റും വീസാ തട്ടിപ്പുകളും തടയാൻ ടാസ്ക് ഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്താം.നോർക്ക റൂട്സ് സിഇഒ, തിരുവനന്തപുരത്തെയും എറണാകുളത്തെയും പ്രൊട്ടക്‌ഷൻ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെട്ടതാണു ടാസ്ക് ഫോഴ്സ്. അനധികൃത റിക്രൂട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ടാസ്ക് ഫോഴ്സിനെ അറിയിച്ചാൽ കർശന നടപടിയുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.