കേരളത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്‍മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിയ്ക്കായിരിക്കും. തിരഞ്ഞെടുപ്പിന് കേരളത്തില്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടതിനാലാണ് മാര്‍ച്ചിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കുന്നത്.

അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. കെ. സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നും പലവിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികച്ച നിലയില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ.സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്.

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശ്,ശോഭ സുരേന്ദ്രൻ,അഡ്വ,ബി ഗോപാലകൃഷ്ണൻ, എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇതില്‍ രാജീവ് ചന്ദ്രശേഖറിനാണ് ദേശീയ നേതൃത്വം പ്രഥമ പരിഗണന നല്‍കുന്നത്. രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യത്തില്‍ ബി.ജെ.പി. ദേശീയ നേതൃത്വവും ആര്‍.എസ്.എസ്. നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 

കേരളത്തിലെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങളും കേരളത്തില്‍ സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ രാജീവ് ചന്ദ്രശേഖറനുമേല്‍ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട് എന്നാണ് സൂചന. അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വവും ആര്‍.എസ്.എഎസും ഉള്ളത്. പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് ബി.ജെ.പി. നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്‍കുന്ന പരിഗണന.

കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത എന്നിവയ്ക്കൊപ്പം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി നല്‍കിയതില്‍ അദ്ദേഹത്തിനുള്ള അതൃപ്തിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്തിലൂടെ പരിഹാരം ആവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവന്‍ പേരെയും നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കാനാണ് പദ്ധതി. ഈ കാര്യത്തില്‍ ഉള്‍പ്പടെ പൊതുജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം നടത്താനും മികച്ച റിസല്‍ട്ട് ഉണ്ടാക്കാനും നേരത്തെ എം.പിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.

കൃഷി, ആരോഗ്യം, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് ഇതിനായി നേതൃത്വം നേരില്‍ കാണുക. മധ്യവര്‍ഗ സമൂഹങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ചയായ അമിത നികുതി സംബന്ധിച്ചും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഇത്തരം കാര്യങ്ങള്‍ക്ക് രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതും ശുഭസൂചനയായാണ് നേതൃത്വം കാണുന്നത്. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.ടി.രമേശിന് പകരം രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. അധ്യക്ഷനാക്കിയില്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കൊണ്ടുവന്ന് എം.ടി രമേശിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

ഇതിനിടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞയിടെ കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ പേര് ആദ്യ ഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ രാജീവ് ചന്ദ്രശേഖറിന്റെയും എം.ടി രമേശിന്റെയും പേരാണ് ദേശീയ നേതൃത്വത്തിന്റെ മുമ്പാകെയുള്ളത്. ശോഭ സുരേന്ദ്രന്റെ പദവി എന്താകണമെന്നതും വൈകാതെ തീരുമാനമാകും. 

രാജീവ് ചന്ദ്രശേഖര്‍ വിയോജിപ്പ് അറിയിച്ചാല്‍ എം.ടി രമേശ് തന്നെയാകും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരിക. ആര്‍.എസ്.എസിന്റെ പിന്തുണയും പാര്‍ട്ടിയിലെ ദീര്‍ഘകാല പരിചയ സമ്പത്തും മികച്ച സംഘടനാ പാടവവും എല്ലാ വിഭാഗം ജനങ്ങളിലും പാര്‍ട്ടിക്കുള്ളിലെ തന്നെ വിവിധ ഗ്രൂപ്പുകളില്‍ പോലും ഉള്ള സ്വീകാര്യതുടങ്ങിയവയെല്ലാം എം.ടി രമേശിന് അനുകൂല ഘടകങ്ങളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !