തിരുവനന്തപുരം ;പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ് സ്ഥാപിക്കാൻ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയതെന്ന് ചോദിച്ച അദ്ദേഹം ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണെന്നും പറഞ്ഞു. 26 വര്‍ഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യ നിർമാണ യൂണിറ്റുകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കാതിരുന്നത്. ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് മദ്യനിർമാണത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.‘‘കമ്പനിയെ പുകഴ്ത്തിയാണ് എക്സൈസ് മന്ത്രി ഇന്നലെ സംസാരിച്ചത്. എന്നാല്‍ ആ കമ്പനിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഈ കമ്പനിയുടെ ഉടമയായ ഗൗതം മല്‍ഹോത്രയാണ് ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. ഈ കമ്പനിയെയാണ് എക്സൈസ് മന്ത്രി പുകഴ്ത്തിയത്. മാലിന്യം തള്ളി നാല് കിലോമീറ്ററില്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിനു പഞ്ചാബില്‍ ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ വിഷയം പാര്‍ലമെന്റില്‍ എത്തുകയും ഇതേത്തുടര്‍ന്ന് കേന്ദ്ര മലിനീകരണ ബോര്‍ഡും കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡും പ്രദേശത്ത് സന്ദര്‍ശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്കെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കുഴൽക്കിണറിലൂടെ മാലിന്യം തള്ളിയാണ് ഇവര്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ഇതാണ് എക്സൈസ് മന്ത്രി പറഞ്ഞ കമ്പനിയുടെ മഹത്വം’’ – സതീശൻ ആരോപിച്ചു.
എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിലൂടെ എന്താണ് അവരില്‍ നിന്നും വാങ്ങിയതെന്നു മാത്രമെ വെളിപ്പെടാനുള്ളൂ. അനുമതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. പദ്ധതിയുമായി മുന്നോട്ട് നീങ്ങിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പാലക്കാട് ഈ കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നല്‍കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്തതിനെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയെ സമരം ചെയ്താണ് ജനങ്ങള്‍ പൂട്ടിച്ചത്. അതേ സ്ഥലത്താണ് ദശലക്ഷക്കണക്കിനു ലിറ്റര്‍ ജലം വേണ്ട കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് അനുമതി നല്‍കിയത്.മദ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. നയം മാറിയതു പോലെ പ്രഖ്യാപിക്കാതെ രഹസ്യമായാണ് ഈ അനുമതി. ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതിയാണെന്നും സതീശൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.