കൽപറ്റ ;എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പരാമർശം. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. വിജയന്റെ വീട്ടിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടികളുടെ ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് ആത്മഹത്യ കുറിപ്പിൽ വിജയൻ പറയുന്നു. പല നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവച്ചെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.ഐ.സി. ബാലകൃഷ്ണന്റേയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റേയും പേരുകൾ ആത്മഹത്യ കുറിപ്പിലുണ്ട്.
ഐ.സി. ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽനിന്ന് പുറത്താക്കി. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ പേരിൽ അർബൻ ബാങ്കിൽനിന്ന് ലോണെടുത്ത് ബാധ്യത തീർത്തു. ഐ.സി. ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് പണം വാങ്ങിയത്. എന്നാൽ പണം തിരിച്ചു നൽകാൻ ഐ.സി. ബാലകൃഷ്ണൻ തയാറായില്ലെന്നും കുറിപ്പിൽ പറയുന്നു.
സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്. മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്. കോൺഗ്രസ് ലീഗൽ സെല്ലിന് എല്ലാമറിയാം. അൻപത് കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്നും കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.