പാട്‌ന: വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) അറസ്റ്റിൽ.
ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. മേക്കർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ രവീന്ദ്രകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രാദേശിക വ്യവസായിയായ രോഹൻ കുമാറിൻ്റെ പക്കൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. രവീന്ദ്ര കുമാറിനൊപ്പം പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന ഡ്രൈവർ അനിൽ കുമാർ സിങ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സരൺ എസ്.പി കുമാർ ആശിഷ് പ്രതികരിച്ചു.
ജനുവരി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സരണിയിൽ നിന്ന് മുസാഫിർപുരിലേക്ക് സഞ്ചരിക്കുകയായിരുന്നു രോഹൻ കുമാർ. ബിസിനസ്സ് ആവശ്യങ്ങൾക്കായി രണ്ടു ബാഗുകളിൽ 32 ലക്ഷം രൂപ വീതം രോഹൻ കരുതിയിരുന്നു. രോഹൺ കുമാറിൻ്റെ വാഹനം പോലീസ് പരിശോധിച്ചു. 32 ലക്ഷത്തിൻ്റെ രണ്ടു ബാഗുകൾ കണ്ടതോടെ പണം എവിടെയാണെന്നു വ്യക്തമാക്കണമെന്ന് എസ്.എച്ച്.ഒ ആയ രവീന്ദ്ര കുമാർ ആവശ്യപ്പെട്ടു.
താൻ ബിസിനസുകാരനാണെന്നും ബിസിനസ് ആവശ്യങ്ങൾക്കായാണ് കൈയിൽ പണം കരുതിയതെന്നും രോഹൻ വിശദീകരിച്ചു. തുടർന്ന് പണം കൈമാറണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും രവീന്ദ്രകുമാർ ഭീഷണിപ്പെടുത്തി. രണ്ടു ബാഗുകളും രവീന്ദ്ര കുമാർ എടുത്തെങ്കിലും ഒരെണ്ണം രോഹൻ്റെ ആവശ്യപ്രകാരം മടക്കിനൽകുകയായിരുന്നു. തുടർന്ന് പോലീസിൽ രോഹൻ കുമാറിൻ്റെ പരാതി. തുടരന്വേഷണത്തിൽ രവീന്ദ്രകുമാറും ഡ്രൈവർ അനിൽകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.