കൊച്ചി: 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും നെടുമ്പാശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
യുവതിയുടെ പാന്റ്സിലെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍നിന്ന് വന്ന ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ലഹരിമരുന്നിന്റെ പണം സി.ഡി.എം വഴിയാണ് ഇവര്‍ ബെംഗളൂരുവിലെ സംഘത്തിന് അയച്ചുനല്‍കിയിരുന്നത്.
ബെംഗളൂരുവിലെ ലഹരിമാഫിയ സംഘം ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് മയക്കുമരുന്ന് കൊണ്ടുവയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ അയച്ചുകൊടുക്കും. അവിടെനിന്ന് പ്രതികള്‍ ഇത് ശേഖരിക്കുകയും ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്തിരുന്നത്. നാട്ടിലെത്തിച്ച ശേഷം 5,10 ഗ്രാം പാക്കറ്റുകളിലാക്കിയായിരുന്നു വില്‍പ്പന.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. മുമ്പ് പല തവണകളായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. തുടര്‍ന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടുതവണ രാസലഹരി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതിയുടെ മൊഴി. വീട്ടിലിരുന്ന് ഒണ്‍ലൈന്‍ ട്രേഡിങ്ങായിരുന്നു ആഞ്ജലയുടെ ജോലിയെന്നും പോലീസ് പറഞ്ഞു.ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലുവ ഡിവൈ.എസ്.പി. ടി.ആര്.രാജേഷ്, ഇന്‍സ്പെക്ടര്‍ സാബുജി എം.എ.എസ്, എസ്.ഐ എ.സി. ബിജു, എ.എസ്.ഐ റോണി അഗസ്റ്റിന്, സീനിയര്‍ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.