ട്രംപ് ചുമതലയേൽക്കുന്നതിനു വെറും 5 ദിവസം, ഗാസയിൽ സമാധാനം പുലരുന്നു

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേൽക്കുന്നതിനു വെറും 5 ദിവസം മാത്രം മുൻപ് ഗാസയിൽ വെടിനിർത്തൽ ഉടമ്പടിയുണ്ടായത് ചരിത്രത്തിലെ അപൂർവ സംഭവമായി കാണണം.

സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റുമാർക്ക് ഭരണത്തിൽ പിടിപാട് കുറയുന്നതുകൊണ്ട് നയതന്ത്രതലത്തിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ പൊതുവേ കഴിയാറില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെ, 2000 ജൂലൈ 25ന് പ്രസിഡന്റ് ബിൽ ക്ലിന്റൻ നടത്തിയ ക്യാംപ് ഡേവിഡ് ഉച്ചകോടി പരാജയപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയതു പോലെ, അദ്ദേഹത്തിന്റെയും ട്രംപിന്റെയും സംഘങ്ങൾ ഒന്നിച്ചുനിന്ന് ഏകാഭിപ്രായത്തോടെ ചർച്ചകളിൽ പങ്കെടുത്തതാണ് ഇപ്പോഴത്തെ ഈ നയതന്ത്രവിജയത്തിനു കാരണം-വിജയത്തിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്നു ട്രംപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും.

വെടിനിർത്തലിനു ബൈഡൻ മുന്നോട്ടുവച്ച നിർദേശങ്ങൾ മേയ് മുതൽ ഇസ്രയേലിനു മുൻപിലുണ്ടായിരുന്നു. മാസങ്ങളോളം അതിനോടു മുഖംതിരിച്ചുനിന്ന ബെന്യാമിൻ നെതന്യാഹു ഇപ്പോൾ അത് അംഗീകരിക്കാൻ കാരണമായ ഘടകങ്ങൾ പലതാണ്. ഹമാസിനു പഴയ ശക്തിയില്ലാത്തത് അവരെയും വെടിനിർത്തലിനു പ്രേരിപ്പിച്ചു. യുദ്ധത്തിനു വഴി തെളിച്ച് 2023 ഒക്ടോബർ 7ന് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യ സിൻവർ 3 മാസം മുൻപു കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഗാസയിൽ ഹമാസിനു നേതൃത്വം നൽകുന്നുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിച്ചിട്ടുണ്ട്.

നെതന്യാഹുവിന്റെ മനംമാറ്റം  ശത്രുതാ നിലപാട് അവസാനിപ്പിക്കാൻ നെതന്യാഹുവിനു പല കാരണങ്ങളുണ്ട്. ഒന്നാമത്, ഹമാസിനെയും ഹിസ്ബുല്ലയെയും ഇറാനെയും കാര്യമായി ക്ഷീണിപ്പിക്കാൻ ഇതിനകം തന്നെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സിറിയയിൽ അസദ് ഭരണകൂടം പുറത്തുപോയതോടെ ഇറാന് ലബനനിലേക്കുള്ള പാലം നഷ്ടമാവുകയും ചെയ്തു. സിറിയയിലുണ്ടായ അനിശ്ചിതത്വം മുതലെടുത്ത് ഗോലാൻ കുന്നുകളിലെ തന്ത്രപ്രധാന ഭാഗങ്ങൾ ഇസ്രയേൽ കൈക്കലാക്കിയിട്ടുമുണ്ട്. 

ഗാസയിലെ ജനങ്ങളെ -പ്രത്യേകിച്ച് കുട്ടികളെ-കൊന്നൊടുക്കിയതു രാജ്യാന്തരതലത്തിൽ നെതന്യാഹുവിനു ചീത്തപ്പേരുണ്ടാക്കുക മാത്രമല്ല, വംശഹത്യക്കുറ്റത്തിനു രാജ്യാന്തര നീതിന്യായ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക കൂടി ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ നെതന്യാഹുവിന് ഇനി സൈനികശക്തി ഉപയോഗിച്ച് ഒന്നും നേടാനില്ല. നേതാക്കളെയോ കാലാളുകളെയോ കൊന്നൊടുക്കിയതു കൊണ്ടു മാത്രം ഒരു പ്രസ്ഥാനം ഇല്ലാതാവുന്നില്ല. അതുകൊണ്ടു തന്നെ, ഹമാസിനെ ഇല്ലാതാക്കാൻ നെതന്യാഹുവിനു സാധിച്ചിട്ടുമില്ല. 

സൗദിയും ഖത്തറും  ട്രംപിൽ നിന്നു നിരുപാധിക പിന്തുണ പ്രതീക്ഷിക്കാനാവില്ലെന്നും നെതന്യാഹു തിരിച്ചറിയുന്നുണ്ട്. തന്റെ റിയൽ എസ്റ്റേറ്റ് പങ്കാളിയായ സ്റ്റീവ് വിറ്റ്‌കോഫിനെ മധ്യപൂർവ ദേശത്തേക്കുള്ള പ്രത്യേക ദൂതനായി ട്രംപ് നിയോഗിച്ചിട്ടുണ്ട്. ജനുവരി 20നു താൻ യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനു മുൻപ് ഗാസയിലെ യുദ്ധം അവസാനിച്ചിരിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം ജനുവരി 11നു നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ വിറ്റ്‌കോഫ് അറിയിച്ചിരുന്നു. 

ഖത്തർ രാജകുടുംബത്തിന്റെ ഫണ്ടുകൾ വിറ്റ്‌കോഫ് കൈകാര്യം ചെയ്യുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വിറ്റ്‌കോഫിനു പലപ്പോഴും യുഎഇയുടെ സഹായം തേടേണ്ടി വരാറുമുണ്ട്. മാത്രമല്ല, യുഎഇ, ബഹ്റൈൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം സാധാരണ നിലയിലാക്കിയ ഏബ്രഹാം കരാർ ട്രംപിന്റെ സൃഷ്ടിയാണ്.

പഴയ ട്രംപല്ല വരുന്നത്  ട്രംപ് കുടുംബത്തിനു ഗൾഫിലെ രാജകുടുംബങ്ങളുമായുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ നെതന്യാഹുവിന് അറിയാം. ഇസ്രയേൽ അനുകൂലിയായിരുന്ന പഴയ ട്രംപ് അല്ല യുഎസ് പ്രസിഡന്റിന്റെ കസേരയിൽ രണ്ടാമൂഴത്തിനെത്തുന്ന ട്രംപ് എന്നും നെതന്യാഹുവിനു ബോധ്യമുണ്ട്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ നെതന്യാഹു അഭിനന്ദിച്ചതിൽ ട്രംപിനുള്ള അമർഷം ഇപ്പോഴും മാറിയിട്ടില്ല. 

വെടിനിർത്തലിന്റെ ആദ്യഘട്ടത്തിനുശേഷം എന്താണുണ്ടാവുക എന്നതു സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വെടിനിർത്തൽ കരാറിന്റെ പേരിൽ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലാകും. കാരണം, വെസ്റ്റ് ബാങ്ക് മാത്രമല്ല, ഗാസ വരെ ഇസ്രയേലിനോടു കൂട്ടിച്ചേർക്കണമെന്നു വാദിക്കുകയും വെടിനിർത്തലിനെ എതിർക്കുകയും ചെയ്യുന്ന 2 തീവ്രവലതുകക്ഷികൾ ഭരണസഖ്യത്തിലുണ്ട്. 

എങ്കിലും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ നെതന്യാഹുവിനു കഴിയും. കാരണം, ഹമാസിന്റെ കടന്നാക്രമണമുണ്ടായ 2023 ഒക്ടോബറിലേതിനെക്കാൾ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചിട്ടുണ്ട്. (ഇറാനിലും യുഎഇയിലും ഇന്ത്യൻ  അംബാസഡറായിരുന്നു ലേഖകൻ) 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !