കൊച്ചി: ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോർട്ട് നൽകിയ എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒ ഫെബ്രുവരി മൂന്നിനു ഹാജരായി വിശദീകരണം നൽകണമെന്നാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. ഈ മാസം 31നകം വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
തനിക്കു വിവാഹ സമ്മാനമായി ലഭിച്ച സ്വർണവും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തെന്നും ഭർത്താവ് തൻ്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചെന്നും കാട്ടിയാണ് യുവതി പരാതി നൽകിയത്. തുടർന്നു ഭർത്താവും വീട്ടുകാരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു.
എന്നാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ ഡിസംബർ 16ന് ഹർജി തീർപ്പാക്കി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പൊലീസ് നോട്ടീസ് അയച്ചു. തണ്ണിത്തോട് എസ്എച്ച്ഒ ആയിരുന്ന വി.കെ.വിജയരാഘവനാണു യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ 2024 ഡിസംബർ 18ന് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനു ശേഷം ഹാജരാകാനായിരുന്നു നിർദ്ദേശം.
അങ്ങനെയാണു നവംബർ 19ന് പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. തുടർന്ന് ഇവർ മുൻകൂർ ജാമ്യഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഹർജി തീർപ്പാക്കുന്ന സമയത്തു കേസെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചത് തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.