ന്യൂയോർക്ക് ;യുഎസിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് സാം ലില്ലിയുടെ വിയോഗത്തിൽ സമൂഹ മാധ്യമത്തിൽ വൈകാരിക പോസ്റ്റ് പങ്കുവച്ച് പിതാവ്.
അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5342 ലെ ആദ്യ ഓഫിസറായിരുന്നു സാം ലില്ലി.തന്റെ മകൻ പൈലറ്റായപ്പോൾ അഭിമാനം തോന്നിയെന്ന് സാമിന്റെ പിതാവ് തിമോത്തി ലില്ലി സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ എഴുതി. പക്ഷേ 'ഇപ്പോൾ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്തത്ര വേദനയുണ്ടെന്നും' അദ്ദേഹം പറഞ്ഞു.
മുൻ ആർമി ഹെലികോപ്റ്റർ പൈലറ്റായ തിമോത്തി, സാമിന്റെ വിവാഹം നിശ്ചയിച്ചിരുന്ന കാര്യവും പരാമർശിച്ചു. "ഇത്രയും സ്നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുന്നത് വളരെ സങ്കടകരമാണ്," അദ്ദേഹം തന്റെ പോസ്റ്റിൽ എഴുതി. അപകടസമയത്ത്, തിമോത്തി ന്യൂയോർക്കിലായിരുന്നു. ആ ദിവസം ജീവിതത്തിലെ ഏറ്റവും മോശം ദിവസമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
20 വർഷക്കാലം ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ച തിമോത്തി, ഫോക്സ് ന്യൂസിനോട് തന്റെ അനുഭവം പങ്കുവച്ചു. രാത്രിയിൽ നൈറ്റ് വിഷൻ ഗ്ലാസുകൾ ധരിച്ച് പൊട്ടോമാക് നദിക്ക് മുകളിലൂടെ പറക്കുമ്പോൾ എതിർ വശത്ത് നിന്നും വരുന്ന വിമാനം കാണാൻ ഏറെ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ നിന്നും യുഎസ് ക്യാപിറ്റോളിൽ നിന്നും മൂന്ന് മൈൽ അകലെ, രാത്രി 8:47 നാണ് ആകാശത്ത് കൂട്ടിയിടി നടന്നത്. റീഗൻ വാഷിങ്ടൻ നാഷനൽ എയർപോർട്ടിന് സമീപം പൊട്ടോമാക് നദിയിൽ രണ്ട് വിമാനങ്ങളും തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 67 പേരും കൊല്ലപ്പെട്ടു. 2001 ന് ശേഷമുള്ള ഏറ്റവും മാരകമായ യുഎസ് വ്യോമാപകടമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.