ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ. സംഭവത്തെ തുടര്‍ന്ന് മുപ്പതിനായിരത്തോളം പേര് പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി.
കാട്ടുതീ വ്യാപകമായതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നിടങ്ങളിലായാണ് നിലവില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സാന്റാ മോണിക്കയ്ക്കും മാലിബുവിനും നടുവിലായി സ്ഥിതി ചെയ്യുന്ന പസഫിക് പാലിസേഡ്സിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ നശിച്ചതിനൊപ്പം 3,000 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു.നിരവധി ചലച്ചിത്രതാരങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണിത്. രക്ഷപ്പെട്ടവരുടെ കാറുകളെ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ചിലര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ചു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഈ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തത്.
കാലിഫോര്‍ണിയന്‍ നഗരമായ പസഡേനയ്ക്ക് സമീപത്തുള്ള അള്ട്ടാഡേനയിലാണ് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കാട്ടുതീ 200 ഏക്കറില്‍നിന്ന് ആയിരം ഏക്കറിലേക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് പടര്‍ന്നു. പസഡേനയിലെ ഒരു നേഴ്സിങ് ഹോമില്‍ നിന്ന് നൂറോളം ആളുകളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു.
ലോസ് ആഞ്ജലിസിന് വടക്കുപടിഞ്ഞാറായുള്ള സാന്‍ ഫെര്‍ണാഡോ വാലിയിലെ സിലമറിലാണ് മൂന്നാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നൂറ് ഏക്കറില്‍ നിന്ന് കാട്ടുതീ 500 ഓളം ഏക്കറിലേക്ക് വ്യാപിച്ചുകഴിഞ്ഞു.ലോസ് ആഞ്ജലിസ് കൗണ്ടിയില്‍ കാട്ടുതീ മുന്നറിയിപ്പ് നാഷണല്‍ വെതര്‍ സര്‍വീസ് പുറപ്പെടുവിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.