കൊച്ചി ;സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബിഎൻഎസ് 75 (4) വകുപ്പും ഐടി ആക്ടിലെ 67–ാം വകുപ്പും ചുമത്തി. സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല സംഭാഷണത്തിനെതിരെ ചുമത്തുന്നതാണ് ഭാരതീയ ന്യായസംഹിതയിലെ 75 (4) വകുപ്പ്.ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഉള്ളതാണ് ഐടി ആക്ടിലെ 67 വകുപ്പ്.
പരിശോധനകൾക്കു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കണമെങ്കിൽ അതും ഉൾപ്പെടുത്തും. ദ്വയാർഥ പ്രയോഗങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും തന്നെ നിരന്തരമായി അപമാനിക്കുന്നു എന്നു കാണിച്ചാണ് ഹണി റോസ് ഇന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.2024 ഓഗസ്റ്റിൽ ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങള്‍ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെത്തുടർന്ന് ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിൽ നിന്ന് താൻ പിന്മാറിയതും പരാതിയിൽ പറയുന്നു. പിന്നീടും ദ്വയാർഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്.
ഒരു വ്യവസായിയിൽ നിന്നു താൻ നിരന്തരം അധിക്ഷേപം നേരിടുന്നുവെന്ന് കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ഹണി റോസ് വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും ബോബി ചെമ്മണൂർ അവഹേളനം തുടർന്നതോടെയാണ് പരാതി നൽകാൻ നടി തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.