ജമ്മുകശ്മീർ;ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ജമ്മുകശ്മിരിലെ രജൗരി ജില്ലയിലുള്ള ഒരു മലയോര ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ദുരൂഹമരണമായിരുന്നു ഫസല്‍ ഹുസൈന്റെയും നാലു മക്കളുടേതും. 45 ദിവസം പിന്നിടുമ്പോള്‍ ആ ഗ്രാമത്തില്‍ ദുരൂഹ മരണങ്ങള് 17 ആയി. ഒന്നിന് പുറകെ ഒന്നായി ഓരോരുത്തർ മരിച്ചുവീഴുമ്പോള്‍ പരിഭ്രാന്തിയിലാണ് ആ ഗ്രാമം. മൂന്ന് കുടുംബങ്ങളില്‍നിന്നുള്ളവരാണ് ഇതുവരെ മരിച്ച 17 പേരും.
മരിച്ചവരിലേറെയും ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നതൊഴിച്ചാല്‍ മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ അധികൃതര്ക്കായിട്ടില്ലെന്നാണ് ഭീതിപടര്‍ത്തുന്നത്.കൂട്ടത്തോടെയുള്ള ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രാലയ സംഘത്തെ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ കേന്ദ്ര സംഘം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വീടുകളിലടക്കം സന്ദര്‍ശനം നടത്തിയത്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും മരണകാരണങ്ങള്‍ മനസ്സിലാക്കാനും രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ രംഗത്തെ വിദഗ്ധരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.പനി, വേദന, ഓക്കാനം, ബോധക്ഷയം എന്നിവയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ഭയംകൊണ്ട് ചിലര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നും കോവിഡ് കാലത്ത് പോലും ഇത്തരത്തിലുള്ള ഭീതിയും മരണങ്ങളും കണ്ടിട്ടില്ലെന്നും ഗ്രാമീണര്‍ പറയുന്നു.
മരണകാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍, തത്കാലം വിവാഹംപോലെ ആളുകള്‍ ഒരുമിച്ച് കൂടുന്ന പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് അധികൃതര്‍ ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നല്കിട്ടുണ്ട്.
പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില്നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരോഗ്യവിദഗ്ധര്‍ സ്ഥലത്തെത്തി വെള്ളവും ഭക്ഷവുമടക്കം ചില സാമ്പികളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചവരുടെ സാമ്പിളുകളില്‍ 'ചില ന്യൂറോടോക്സിനുകള്‍' കണ്ടെത്തിയതായി വിദഗ്ധര്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പകര്‍ച്ചവ്യാധികളുടെ സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡിസംബര്‍ രണ്ടിന് ഫസല്‍ ഹുസൈന്റെ മകള്‍ സുല്‍ത്താനയുടെ വിവാഹത്തില്‍ ഗ്രാമീണര്‍ ഒത്തുകൂടിയിരുന്നു. ഇതിന് ശേഷം ഡിസംബര്‍ ഏഴിനും എട്ടിനുമായി ഫസലും തന്റെ നാലുമക്കളും രോഗംപിടിപ്പെട്ടതിന് പിന്നാലെ മരിച്ചത്. ആശുപത്രിയില്‍വെച്ചായിരുന്നു മരണം.
പിന്നാലെ മുഹമ്മദ് റഫീഖിന്റെ ഗര്‍ഭിണിയായ ഭാര്യയും രണ്ട് ആണ്മക്കളും ഒരു മകളും ഉള്‍പ്പെടെ നാല് പേര് സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് അധികൃതര്‍ക്ക് അപകടം മണത്തത്. തുടക്കത്തില്‍ ചെറിയ പനിയും തുടര്‍ന്ന് ബോധക്ഷയവുംവന്നാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്.
ചികിത്സയ്ക്കിടെ റഫീഖിന്റെ ഭാര്യയും മൂന്നുമക്കളും മരിച്ചു. റഫീഖും ഫസലും ബന്ധുക്കളും ഇവര്‍ വിവാഹത്തില്‍ പങ്കെടുത്തുവരാണെന്നും അറിഞ്ഞതോടെ ഭക്ഷ്യവിഷബാധയായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ പരിശോധനയില്‍ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിവാഹം കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളു പിന്നിട്ട ശേഷവും അതേ ഗ്രാമത്തില്‍ നിന്ന് സമാനമായ രോഗലക്ഷണങ്ങളുമായി കൂടുതല്‍ ആളുകളെ രജൗരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. പലരും സമാനമായ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിലായി അസ്ലം എന്നയാളുടെ കുടുംബത്തിലാണ് കൂട്ടമരണമുണ്ടായത്. ജനുവരി 12 നും 17 നും ഇടയില്‍ അസ്ലമിന്റെ അഞ്ച് മക്കളും അമ്മാവനും അമ്മായിയും അടക്കമുള്ളവരാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.