ദില്ലി: ഇന്ത്യ സഖ്യം പാർട്ടികളെ ഒപ്പം നിർത്താൻ അരവിന്ദ് കെജ്രിവാൾ. മമത ബാനർജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാൾ നീക്കം തുടങ്ങി. കെജ്രിവാൾ തോൽവി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു. കോൺഗ്രസ് എഎപിയുടെ ബി ടീമാണെന്ന് ബിജെപി ആരോപിച്ചു.
ദില്ലി തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഇന്ത്യ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും തെരഞ്ഞെടുപ്പിൽ എഎപിയെ പിന്തുണയ്ക്കുമെന്ന് കെജ്രിവാളാണ് എക്സിലൂടെ അറിയിച്ചത്.
രണ്ട് പാർട്ടികളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മമത ബാനർജിയെയും അഖിലേഷ് യാദവിനെയും പ്രചാരണത്തിൽ പങ്കെടുക്കാനും കെജ്രിവാൾ ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ കോൺഗ്രസിലേക്ക് ചോരുമോയെന്നാണ് എഎപിയുടെ ആശങ്ക, ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിലെങ്കിലും ഈ നേതാക്കളെ എത്തിച്ച് പ്രചാരണം ശക്തമാക്കാനാണ് കെജ്രിവാളിന്റെ ശ്രമം.
എന്നാൽ കെജ്രിവാളിന്റെത് കള്ള അവകാശവാദമാണെന്നാണ് കോൺഗ്രസ് വിമർശനം. മമതയോ അഖിലേഷോ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും മുൻപ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത് എന്തിനെന്നും കോൺഗ്രസ് ചോദിക്കുന്നു.
രാഹുൽ ഗാന്ധി അടക്കം പ്രമുഖ നേതാക്കളെ റാലികളിൽ ഇറക്കി പ്രചാരണ രംഗത്ത് സജീവമാകാനാണ് കോൺഗ്രസ് നീക്കം. അതേസമയം ഇന്ത്യ സഖ്യത്തിലെ ഭിന്നത മുതലെടുക്കുകയാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം തങ്ങൾക്കെതിരെ കൈകോർത്ത് മത്സരിച്ച എഎപിയും കോൺഗ്രസും ദില്ലിയിൽ നാടകം കളിക്കുകയാണെന്നാണ് ബിജെപി പ്രചാരണം. രണ്ടു പാർട്ടികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും, കോൺഗ്രസ് എഎപിയുടെ ബി ടീമാണെന്നും ദില്ലി ബിജെപി അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ദില്ലിയില് രണ്ട് സീറ്റില് മത്സരിക്കാനാണ് സിപിഎം തീരുമാനം. കരാവല് നഗർ, ബദർപൂർ എന്നീ സീറ്റുകളിലാണ് മത്സരിക്കുക. ബാക്കി സീറ്റുകളില് ബിജെപിയെ തോല്പിക്കാനാകുന്ന പാർട്ടിയെ പിന്തുണയ്ക്കുമെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.