തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധി ഇരുത്തിയതെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യയും മക്കളും കടുംപിടിത്തം പിടിക്കുമ്പോള്‍ വെട്ടിലാകുന്നത് പൊലീസും ജില്ലാ ഭരണകൂടവും.
കുടുംബം പറയുന്നത് അനുവദിച്ചാല്‍ സംസ്ഥാനത്ത് കൂടുതല്‍ ‘സമാധികള്ക്കു’ സമാധാനം പറയേണ്ടിവരുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക്. വീട്ടില്‍ വച്ചുള്ള മരണങ്ങള് പിന്നീട് പലപ്പോഴും പൊലീസിനു തലവേദനയാകാറുണ്ട്.മരിച്ചയാളിന്റെ മക്കള്‍ തമ്മില്‍ സ്വത്തുതര്‍ക്കം ഉണ്ടാകുമ്പോഴാണ് വിഷയം വീണ്ടും നിയമവഴികളിലേക്ക് എത്തുന്നത്.നെയ്യാറ്റിന്‍കരയില്‍, ഗോപന്റെ ഭൗതികശരീരം കുടുംബാംഗങ്ങളല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നത്. നോട്ടിസ് നല്കി നിശ്ചിത ദിവസത്തിനുള്ളില്‍ കല്ലറ തുറന്ന് ഫൊറന്‍സിക് പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നത്.
1969ലെ കേന്ദ്ര ജനന-മരണ റജിസ്ട്രേഷന് നിയമം 1970 ജൂലൈ ഒന്നിനു സംസ്ഥാനത്തു നിലവില്‍ വന്നതു മുതല്‍, ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുക എന്നത് നിയമാനുസരണം നിര്‍ബന്ധമാണ്. എന്തൊക്കെ മാനദണ്ഡങ്ങളാണ് ഇതിനായി പാലിക്കേണ്ടതെന്നും കൃത്യമായി നിയമത്തില്‍ പറയുന്നുണ്ട്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ (മണിയന്– 69) മരണം ഡോക്ടര്‍ സ്ഥിരീകരിക്കുന്നതോ വാര്‍ഡ് മെമ്പറെ അറിയിക്കുന്നതോ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല എന്നതാണ് ഉയരുന്ന ആക്ഷേപം.
അതേസമയം, ഗോപന്റെ മരണം സംബന്ധിച്ചുള്ള ഒരു കാര്യവും മറച്ചുവച്ചിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകൻ രഞ്ജിത് ചന്ദ്രന് പറഞ്ഞു. 9-ാം തീയതി സ്വര്‍ഗവാതില്‍ ഏകാദശി ദിവസം സമാധിയാകണമെന്ന പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് കുടുംബം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകള്‍ ഉണ്ടെന്നും അഭിഭാഷകനായ രഞ്ജിത് പറയുന്നു.
ജനന, മരണ റജിസ്ട്രേഷന് നിയമപ്രകാരം വീട്ടില്‍ വച്ചാണ് മരണം നടക്കുന്നതെങ്കില്‍ വീട്ടിലെ ഏറ്റവും മുതിര്‍ന്നയാളോ അദ്ദേഹം സ്ഥലത്തില്ലെങ്കില്‍ അടുത്ത ബന്ധുവോ നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം അധികൃതരെ അറിയിക്കണം. വീട്ടില്‍ ആരെങ്കിലും ആത്മഹത്യ ചെയ്താലും വിവരമറിയിക്കേണ്ട ചുമതല ഗൃഹനാഥനാണ്. മരിച്ച ആളെ വീട്ടില്‍വച്ച് ഏതെങ്കിലും ഡോക്ടര്‍ ചികിത്സിച്ചിരുന്നുവെങ്കില്‍ രോഗവിവരവും മരണകാരണവും ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.
വാഹനങ്ങളില്‍ വച്ചു നടക്കുന്ന ജനനവും മരണവും പ്രസ്തുത വാഹനത്തിന്റെ ചുമതലയുള്ള വ്യക്തി, വാഹനം നിര്‍ത്തിയിട്ട സ്ഥലത്തെ റജിസ്ട്രേഷന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഏഴു ദിവസത്തിനുള്ളില്‍ റജിസ്ട്രേഷന് സർട്ടിഫിക്കറ്റ് നല്‍കണമെന്നും നിയമം വ്യക്തമാക്കുന്നു.
ജനന, മരണങ്ങള് ഉണ്ടായാല്‍ 21 ദിവസത്തിനകമാണ് റജിസ്ട്രേഷനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. 30-ാം ദിവസം വരെ റിപ്പോര്‍ട്ട് ചെയ്യുന്നവ ലേറ്റ് ഫീ അടച്ച് റജിസ്റ്റര്‍ ചെയ്യാനാകും. 30 ദിവസത്തിനു ശേഷവും റിപ്പോര്‍ട്ട് ചെയ്യാത്ത ജനന-മരണങ്ങള് ഒരു വര്‍ഷം വരെ ജില്ലാ റജിസ്ട്രാറുടെയും ഒരു വര്‍ഷം വരെ റജിസ്റ്റര്‍ ചെയ്യാത്തവ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെയും അനുമതിയോടെ മാത്രമേ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ആശുപത്രിയിലാണ് മരണമെങ്കില്‍ മെഡിക്കല്‍ ഓഫിസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ആണ് ഇതു ചെയ്യേണ്ടത്.നെയ്യാറ്റിന്‍കര സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം ബന്ധുക്കളുടെയും ചില സംഘടനകളുടെയും എതിര്‍പ്പു മൂലം നടന്നിരുന്നില്ല. തുടര്‍ന്ന് കല്ലറ പൊളിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന നിയമപരമായ നോട്ടിസ് കുടുംബാംഗങ്ങള്‍ക്ക് ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് നല്കി.
ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കല്ലറ പൊളിക്കലില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങിയ ശേഷം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ്, നോട്ടിസ് നല്കിയ ശേഷം തുടര്‍നടപടി എന്നു തീരുമാനമുണ്ടായത്. പൊളിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും എന്നാണ് ഇതെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടില്ല. ഗോപന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കാനാണ് കല്ലറ തുറന്നു പരിശോധനയ്ക്ക് കലക്ടര്‍ അനുകുമാരി അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച സബ് കലക്ടറുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. പക്ഷേ സംഘത്തെ ഗോപന്റെ ഭാര്യ സുലോചന, മക്കളായ സനന്തന്‍, രാജസേനന് എന്നിവര്‍ തടഞ്ഞു.
ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാര്‍ക്കു പിന്തുണയുമായി എത്തിയിരുന്നു. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പലതവണ ബന്ധുക്കളും പൊലീസുമായി വാക്കേറ്റമുണ്ടായി. കല്ലറയ്ക്കു മുന്നിലിരുന്ന് പ്രതിഷേധിച്ച സുലോചനയെയും മക്കളെയും നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ഷാജിയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് നീക്കി.
ഇതിനിടെ, മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സ്ഥലവാസികളില്‍ ചിലര്‍ സംഘടിച്ചതും ചേരി തിരിഞ്ഞ് പ്രതികരിച്ചതും സംഘര്‍ഷത്തിനിടയാക്കി. കല്ലറ പൊളിക്കാനുള്ള പ്രാഥമിക നടപടികളും ഇന്‍ക്വസ്റ്റ് ഒരുക്കങ്ങളും പൊലീസ് പൂര്‍ത്തിയാക്കിയതോടെ തങ്ങള്‍ക്ക് പറയാനുള്ളത് ജില്ലാ ഭരണകൂടം കേള്‍ക്കണമെന്ന ആവശ്യത്തിലേക്ക് വീട്ടുകാര്‍ മാറി. അതോടെയാണ് സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ബന്ധുക്കളും സംഘടനാ നേതാക്കളും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തിയതും ബന്ധുക്കള്‍ക്ക് നോട്ടിസ് നല്കിയതും.
സമാധിയാകുമെന്ന വിവരം പിതാവ് ഗോപന് തന്നെ അറിയിച്ചിരുന്നതായി ഇളയ മകനും പൂജാരിയുമായ രാജസേനന് ആവര്‍ത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും വീടിനു സമീപത്തെ ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം സമാധി സ്ഥലത്തേക്കു പോയി പത്മാസനത്തില്‍ ഇരുന്നുവെന്നും രാജസേനന് പറഞ്ഞു.
അടുത്ത ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് സമാധി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്നും പൊലീസിനു നല്കിയ മൊഴിയിലുണ്ട്. ഗോപനെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും സ്ഥലവാസികളായ ചിലര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.