തൃശൂര്‍: ഏകാദശികളില്‍ ഏറെ പ്രധാനപ്പെട്ട വൈകുണ്ഠ ഏകാദശി ഇന്ന്. സ്വര്‍ഗവാതില്‍ ഏകാദശി എന്നും പുത്രദാ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്.
വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു ഭഗവാന് വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം.പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഏകാദശി വിധിയാവണ്ണം അനുഷ്ഠിച്ചാല്‍ സല്‍പുത്രനോ പുത്രിയോ ജനിക്കുമെന്നും, സര്‍വ്വ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശ്വാസം.
കൃഷ്ണന് കുചേലന്റെ അവല്‍പ്പൊതി സ്വീകരിച്ചു കൊണ്ട് അയാളെ കുബേരനാക്കിയ ദിവസമാണ് എന്നും വിശ്വാസമുണ്ട്. ശ്രീകൃഷ്ണന് അര്ജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്നാണ് മറ്റൊരു വിശ്വാസം. അതിനാല്‍ ഗീതാദിനം എന്നും ഇതറിയപ്പെടുന്നു. അതുകൊണ്ട് തന്നെ മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്.
വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദര്‍ശനം നടത്താന്‍ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം. ഇഹലോക സുഖവും പരലോക മോക്ഷവും ഫലസിദ്ധിയായി ലഭിക്കുമെന്നാണ് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഇന്ന് വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രങ്ങളില്‍ മുന്‍വാതില്‍ സ്വര്‍ഗ്ഗവാതില്‍ അല്ലെങ്കില്‍ വൈകുണ്ഠ കവാടമായി സങ്കല്പ്പിച്ചു പ്രത്യേക പൂജ നടത്തുന്നു. അതില്കൂടി കടന്ന് ദര്‍ശനവും ആരാധനയും നടത്തി മറ്റൊരു വാതില്‍ വഴി (മിക്കവാറും പിന്‍വാതില്‍ വഴി) പുറത്തു വരുന്നത് സ്വര്‍ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങാണ്.
അതിലൂടെ സ്വര്‍ഗമോ അതിനേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയവരുടെ പിതൃ പ്രീതിക്കായി വഴിപാടുകള്‍ നടത്തുവാനും പാവങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, കഴിവുപോലെ മറ്റ് സഹായങ്ങള്‍ എന്നിവ ദാനം ചെയ്യുവാനും പറ്റിയ ദിവസമാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം.
സ്വര്‍ഗവാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കില്‍ സ്വര്‍ഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, ദൈവാനുഗ്രഹം, ആപത്തില്‍ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും നോല്ക്കണം എന്നും പറയുന്നു.
വ്രതാനുഷ്ഠാനം
ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂര്‍ണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവര്‍ ധാന്യാഹാരം ഒഴിവാക്കി പഴങ്ങള്‍ മാത്രം ഭക്ഷിച്ചോ അരിയാഹാരം ഒഴിവാക്കിയോ വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകല്‍സമയം ഉറങ്ങുവാനും പാടില്ല.
ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടല്‍ എന്നാണ് ഇതിന് പറയുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.