തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഗ്ലാമർ താരങ്ങളായിരുന്ന സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്നും ഇപ്പോള്‍ സ്വയം ഒഴിവായതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെതുടർന്നാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ വിമർശിച്ച് മുൻ ഇടത് സഹയാത്രികനായിരുന്ന ചെറിയാല്‍ ഫിലിപ്പ് രംഗത്ത് വന്നത്.
1984 - ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം കോണ്‍ഗ്രസ് തരംഗത്തില്‍ കേരളത്തിലെ 20 ലോക്സഭാ സീറ്റില്‍ 19-ഉം യുഡിഎഫ് നേടിയപ്പോള്‍ കോട്ടയത്ത് എസ്‌എഫ്‌ഐ പ്രസിഡണ്ടായ സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടിയത് താര പൊലിമ കൊണ്ടാണ്.
യുഡിഎഫ് കോട്ടയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നാലുതവണയും ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തില്‍ രണ്ടു തവണയും കുറുപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണ കൊണ്ടു മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.
2016-ല്‍ തന്നേക്കാള്‍ ജൂനിയറായ സ്വസമുദായക്കാരായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായപ്പോഴും, സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴും കുറുപ്പിന് നിയമസഭയിലെ പിൻനിരയില്‍ ദുഃഖം കടിച്ചമർത്തി ഇരിക്കേണ്ടി വന്നു.
താൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ അംഗമായപ്പോള്‍ പാർട്ടിയില്‍ അംഗമല്ലാതിരുന്ന പലരും ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോള്‍ ഒരു സംസ്ഥാന കമ്മറ്റി അംഗത്വം പോലും സുരേഷ് കുറുപ്പിന് നല്‍കിയില്ലെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.
സ്വാശ്രയ വിദ്യാഭാസസമര വേളയില്‍ എസ്‌എഫ്‌ഐ പ്രസിഡണ്ടായിരുന്ന സിന്ധു ജോയിക്ക് പൊലീസ് ഗ്രനേഡ് ആക്രമണത്തില്‍ കാലൊടിഞ്ഞ് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. സമര പോരാളിയെന്ന നിലയില്‍ ഏറ്റവുമധികം ജയില്‍വാസം അനുഭവിച്ച വനിതയും സിന്ധു ജോയിയാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലും പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും ചാവേറാക്കിയ സിന്ധുവിന് ജയസാദ്ധ്യതയുള്ള ഒരു സീറ്റും പിന്നീട് നല്‍കിയില്ല.
അതേസമയം, കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് മഹിളാ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങള്‍ ത്രിബിള്‍ പ്രമോഷനായി ഒറ്റയടിക്ക് നല്‍കിയപ്പോള്‍ സിന്ധുവിന് ഡിവൈഎഫ്‌ഐ ഭാരവാഹിത്വം പോലും നല്‍കിയില്ല.
മാതാപിതാക്കളോ കുടുംബമോ ഇല്ലാതിരുന്ന തീർത്തും അനാഥയായ സിന്ധു മനം നൊന്താണ് സിപിഎം വിട്ടതും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയായി യു.കെ.യിലേക്ക് പോയതും- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.