കേച്ചേരി: പട്ടിക്കരയില്‍ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. പട്ടിക്കര സ്വദേശി രായ്മരയ്ക്കാർ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷെബിതയാണ് (43) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ പട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡ് നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്ന ബാബ് കണ്‍സ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.റോഡ് നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് കയറിയ വാഹനം പിറകോട്ട് വന്നതോടെയാണ് അപകടം സംഭവിച്ചത്. പട്ടിക്കരയിലെ തറവാട് വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഷെബിതയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവർ കൗകാനപെട്ടി സ്വദേശി മനോജിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
വെള്ളറക്കാട് പാറക്കല്‍ വീട്ടില്‍ പരേതനായ അബൂബക്കർ-ഫാത്തിമ ദമ്പതികളുടെ മകളാണ് ഷെബിത. മക്കള്‍: ഷൈമ ഷെറിൻ, നീമ ഷെറിൻ, ഷിഫ, നിസ്ബ. ഖബറടക്കം ശനിയാഴ്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.