പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതല്‍ പേർ ദർശനം നടത്തിയത് ഡിസംബർ 31 നാണ്.ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി.
മകര വിളക്കിനായി നട തുറന്നത് മുതല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ചില ദിവസങ്ങളില്‍ പമ്പയില്‍ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വരുന്നുണ്ട്.ഇന്ന് മാത്രം ഉച്ചയ്ക്ക് ഒരു മണി വരെ 40,000ലേറെ പേർ ദർശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂർ കൂടി കൂട്ടാൻ ധാരണയായിട്ടുണ്ട്. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. സത്രത്തിലേക്കുള്ള കെഎസ്‌ആർടിസി ബസ് എത്തുന്നത് 1. 20 നാണ്. ഇത് പരിഗണിച്ചാണ് രണ്ട് മണി വരെ കാനന പാതയിലേക്ക് പ്രവേശനം അനുവദിക്കാൻ ധാരണയായത്.
അതേസമയം മകരവിളക്കിന് മുന്നോടിയായി, വാട്ടർ അതോറിറ്റി പൂർണ്ണശേഷിയില്‍ ജലശുദ്ധീകരണം ആരംഭിച്ചു. സാധാരണ ദിവസങ്ങളില്‍ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കാറുള്ളത്. തിരക്ക് കൂടുന്നത് പരിഗണിച്ച് 13 ദശലക്ഷം ലിറ്ററിന്‍റെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാനാണ് 24 മണിക്കൂറൂം ജലശുദ്ധീകരണം ആരംഭിച്ചത്.
മണ്ഡല കാലത്ത് ശബരിമലയില്‍ വരുമാനത്തിലും വർധനവുണ്ട്. കഴിഞ്ഞ വർഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി. നവംബർ 15 മുതല്‍ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡല കാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്.
കഴിഞ്ഞ വർഷം ഇത് 215 കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയില്‍ കൂടുതലും അരവണ വില്‍പനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാള്‍ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.