പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകക്കേസില്‍ നെന്മാറയില്‍ പ്രതി ചെന്താമരയ്ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. നൂറിലധികം നാട്ടുകാർ സംഘം ചേർന്നാണ് തെരച്ചില്‍ നടത്തുന്നത്.
പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടർന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നത്. ഈ പരിസരത്ത് പ്രതിയെ ഒരാള്‍ കണ്ടുവെന്നതിൻ്റെ അടിസ്ഥാനത്തില്‍ 4 സംഘമായി തെരച്ചില്‍ നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.അതേസമയം, പ്രതിയ്ക്കായി ഒരു കിലോമീറ്റർ അപ്പുറത്തേക്കായി തെരച്ചില്‍ വ്യാപിപ്പിച്ചു. നേരം പുലരുന്നതോടെ പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ രാവിലെയാണ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മകനേയും അമ്മയേയും വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.
അതേസമയം, നെൻമാറ ഇരട്ടക്കൊലപാതത്തില്‍ പൊലീസിൻ്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് സംസ്ഥാന ഇൻ്ലിജൻസ് റിപ്പോർട്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തില്‍ പ്രവേശിച്ച ചെന്താമരയെ കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിൻ്റെ വീഴ്ചയാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.വീഴ്ച്ചയുണ്ടായ സാഹചര്യത്തില്‍ നൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂർ സെൻട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെൻമാറ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം.
പിന്നീട് ജാമ്യത്തില്‍ ഇളവ് തേടി 2023 ല്‍ പ്രതി വീണ്ടും കോടതിയില്‍ എത്തി. ഇതെ തുടർന്നാണ് നെൻമാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നവീകരിച്ചത്. എന്നാല്‍ ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പോത്തുണ്ടിയിലെ ബോയൻ കോളനിയിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ഡിസംബർ 29 ന് പ്രതി വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി കൊല്ലപ്പെട്ട സുധാകരനും മകളും നെൻമാറ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സുധാകരനും കുടുംബവും ചെന്താമരയ്ക്ക് എതിരെ പരാതി നല്‍കിയിട്ടും കേസെടുത്തില്ല.
ജാമ്യ വ്യവസ്ഥയുടെ ലംഘനത്തില്‍ തുടർ നടപടിയും എടുത്തില്ല. താക്കീത് ചെയ്യലില്‍ കൂടുതലൊന്നും ചെയ്തില്ലെന്ന കുറ്റസമ്മതവും പൊലീസ് നടത്തുണ്ട്. തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കില്‍ അതിക്രൂരമായ ഇരട്ടക്കൊലപാതകം സംഭവിക്കില്ലായിരുന്നുവെന് നാട്ടുകാർ പറയുന്നു.
അതേസമയം, പ്രതി ചെന്താമരയുടെ വീട്ടില്‍ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധനയിലുള്ളത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാള്‍ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി.
പലവിധ നിഗമനങ്ങളിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകില്‍ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കില്‍ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നിഗമനത്തില്‍ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്.
ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.