പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതല്‍ പരിശോധന തുടരും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വക്കാവ് ശ്മശാനത്തില്‍ സംസ്കരിക്കും.5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം അയല്‍ക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർ തന്നെയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.
ആ പക മനസില്‍ വെച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ല്‍ സജിതയെ തലങ്ങും വിലങ്ങും പ്രതിവെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു വർഷത്തെ ജയില്‍ വാസത്തിനു ശേഷവും അതേ പക മനസില്‍ കൊണ്ടു നടന്ന പ്രതി, വിയ്യൂർ സെൻട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് രണ്ട് കൊലപാതകം കൂടി നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.