പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ സ്ത്രീയുടെ വയറ്റില്‍ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ട് വർഷങ്ങള്‍ക്ക് ശേഷം, അതും രണ്ടാമത്തെ പ്രസവ സമയത്ത്.
മധ്യപ്രദേശിലെ രേവയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രസവിച്ച സ്ത്രീയാണ്, ഡോക്ടർമാർക്ക് തന്‍റെ വയറിനുള്ളില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ തുന്നാൻ ഉപയോഗിച്ച സൂചി ഉപേക്ഷിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.ആദ്യ പ്രസവ സമയത്ത് യുവതിയുടെ വയറിനുള്ളില്‍ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ട് വർഷങ്ങള്‍ക്ക് ശേഷം അവരുടെ രണ്ടാമത്തെ പ്രസവസമയത്ത് ആണെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി. പ്രസവസമയത്ത് ഈ പിൻ നവജാതശിശുവിനെ മുറിവേല്‍പ്പിക്കുകയും കുഞ്ഞിന്‍റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. പരിക്കുകളെ തുടർന്ന് കുഞ്ഞ് ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
രേവയിലെ ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയും കുടുംബാംഗങ്ങളുമാണ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
2023 മാർച്ച് 5 -നാണ് രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ഹിനാ ഖാൻ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയ്ക്കും കുഞ്ഞിനും തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി.
എന്നാല്‍, വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ വാഹനത്തില്‍ വച്ച് ഹിനാഖാന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയായെങ്കിലും പ്രസവ സമയത്തെ തുന്നലുകളുടെ വേദനയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറയുമെന്നും ഡോക്ടർമാർ ഉറപ്പ് നല്‍കി വിട്ടയച്ചു. കാലക്രമേണ വയറിലെ തുന്നല്‍ നൂല് അലിഞ്ഞ് ഇല്ലാതാകുമെന്നും ഡോക്ടർമാർ യുവതിയോട് പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷം ജില്ലാ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തിനായി ഹിനാ ഖാൻ എത്തി. പ്രസവസമയത്ത്, നവജാത ശിശുവിനൊപ്പം ഒരു ശസ്ത്രക്രിയ സൂചിയും ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സൂചിയുടെ സാന്നിധ്യം മൂലം ഗർഭകാലം മുഴുവൻ കഠിനമായ വേദനയാണ് ഇവർക്ക് സഹിക്കേണ്ടി വന്നത്.
സൂചി ശരീരത്തില്‍ കൊണ്ട് നവജാതശിശുവിനും നിരവധി പരിക്കുകള്‍ ഏറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശരീരം നിറയെ വരഞ്ഞ് മുറിവേറ്റ നിലയില്‍ കുഞ്ഞ് ഇപ്പോഴും ആശുപത്രി വെന്‍റിലേഷനില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.