കാസർകോട്: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കള്‍ ഇന്ന് പുറത്തിറങ്ങും.
പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലില്‍ എത്തി. കാസർകോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവർത്തകരും ജയിലിലെത്തുന്നുണ്ട്. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അല്‍പ്പസമയത്തിനകം പ്രതികള്‍ പുറത്തിറങ്ങും.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ഗൂഢാലോചന നടത്തിയെന്ന് സിബിഐ കോടതിയാണ് പറഞ്ഞത്. അതിന് തെളിവൊന്നുമില്ല.
കാസർകോടുള്ള നേതാക്കളാണ് ഇവിടെ എത്തിയിട്ടുള്ളത്. നിലവില്‍ ഇവർ ജാമ്യത്തിലാണ്. അപ്പീല്‍ കോടതിയില്‍ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു. പ്രതികള്‍ക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.
കൂടാതെ പാർട്ടിയില്‍ നിന്ന് തന്നെ ഇതില്‍ എതിർപ്പുണ്ട്. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും കണ്ടാണ് പിൻമാറിയത്. നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്പോള്‍ പാർട്ടി പ്രവർത്തരുള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു.
അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു
ഇവർക്കെതിരെയുള്ള കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിലെ 1 മുതല്‍ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കല്‍ കമ്മിറ്റി അംഗം),
സജി സി ജോർജ്, കെഎം സുരേഷ്, കെ അനില്‍കുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി എ പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.