ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ബാരാമുള്ള ജില്ലയില്‍ നിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്വാസംമുട്ടല്‍ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്വാസം മുട്ടി മരിച്ചവരില്‍ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളില്‍ ഒരാള്‍ക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3 വയസുമാണ് പ്രായമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്.
ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.
സമാനമായ ദുരന്തങ്ങള്‍ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തില്‍ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.