റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) പ്രാബല്യത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
വിവാഹം ഉൾപ്പെടെയുള്ളവ റജിസ്റ്റർ ചെയ്യുന്നതിനായി യുസിസി വെബ്സൈറ്റ് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.നിയമം പ്രാബല്യത്തിൽ വന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം, ലിവ് – ഇൻ – റിലേഷൻഷിപ്പ് തുടങ്ങിയവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. ഇക്കാര്യങ്ങളിൽ നിലവിലുള്ള മതനിയമങ്ങൾ ഇതോടെ അസാധുവാകും. സംസ്ഥാന ജനസംഖ്യയുടെ 2.89% വരുന്ന പട്ടികവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിട്ടില്ല.ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ നിയമ രൂപീകരണത്തിനായി പ്രത്യേകം സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. 2024 ഫെബ്രുവരി ഏഴിന് ബിൽ നിയമസഭ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു, പിന്നാലെ വിജ്ഞാപനവും പുറത്തിറക്കി.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കു തന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.