തിരുവനന്തപുരം :പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപി നടപടികൾ ആരംഭിക്കാനിരിക്കെ നിലവിലെ അധ്യക്ഷൻ കെ.സുരേന്ദ്രന്‍ തുടരുമോ ഒഴിയുമോ എന്നതിൽ ചർച്ചകൾ സജീവം.
അഞ്ചു വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് കെ.സുരേന്ദ്രൻ. 3 വർഷമാണ് ഒരു ടേം. കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നൽകുകയായിരുന്നു. പ്രസിഡന്റായ സുരേന്ദ്രന് മത്സരിക്കാൻ തടസ്സമില്ല. മത്സരമില്ലാതെ, കേന്ദ്രം നിർദേശിക്കുന്ന പേര് അംഗീകരിക്കപ്പെടാനാണ് സാധ്യത. പി.കെ.കൃഷ്ണദാസാണ് മത്സരത്തിലൂടെ അവസാനം സംസ്ഥാന അധ്യക്ഷനായത്.ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പേരിൽ സുരേന്ദ്രൻ തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനം നീട്ടി നൽകാൻ സാധ്യതയുണ്ട്. ശോഭാ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ബി ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത എത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലങ്ങളിൽ വോട്ട് വിഹിതം വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ, ശോഭയുടെ പ്രവർത്തന രീതിയോട് വിയോജിപ്പുള്ളവർ പാർട്ടിയിലുണ്ട്. ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു.പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും ഒരുമിച്ചെത്തിയാണ് കേന്ദ്ര നേതാക്കളെ കണ്ടത്. നേതൃമാറ്റം വേണമെന്ന് സുരേന്ദ്രനെ എതിർക്കുന്നവർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എം.ടി.രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സുരന്ദ്രനെ എതിർക്കുന്നവർ ആവശ്യപ്പെടുന്നത്. കൃഷ്ണദാസ് വിഭാഗവും എം.ടി.രമേശ് വരുന്നതിന് അനുകൂലമാണ്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ പ്രസിഡന്റിന്റെയും ദേശീയ കൗൺസിൽ അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ പറയുന്നു.
ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് ദേശീയ കൗൺസിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് 36 പേരുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് സമവായ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10നകം നടപടികൾ പൂർത്തിയാക്കും. ഇരുപതിനകം പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും തീരുമാനത്തിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.