കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ കൗൺസിലർ കല രാജുവിന്റെ രഹസ്യമൊഴിയിൽ ആകാംക്ഷ. ഇന്നലെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകുമെന്നായിരുന്നു കരുതിയിരുന്നതത് എങ്കിലും കല രാജു എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.
ഈ സാഹചര്യത്തിൽ കല രാജു ഇന്നു മൊഴി കൊടുക്കുമോ എന്നാണ് പൊലീസ് അടക്കം ഉറ്റു നോക്കുന്നത്. അതിനിടെ, കല രാജു പാർട്ടി ഓഫിസിൽ സഹപ്രവർത്തകരുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടട്ടെ എന്നാണ് ഇതിനോടു കല രാജു പ്രതികരിച്ചത്.സ്വന്തം പാർട്ടിയുടെ കൗൺസിലറായ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ഒട്ടേറെ സിപിഎം പേർക്കെതിരെ കേസെടുത്തെങ്കിലും നാലു പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസിലെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സുമ വിശ്വംഭരൻ, സിപിഎം ഏരിയ സെത്രട്ടറി പി.ബി.രതീഷ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ അറസ്റ്റിലായിട്ടുള്ളവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും തന്നെ ആക്രമിച്ചവർ അല്ലെന്ന് കല രാജു പറഞ്ഞിരുന്നു. കൂത്താട്ടുകുളം സംഭവം നിയമസഭയിൽ വരെ ഒച്ചപ്പാടുകൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ കല രാജു സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും.
പാർട്ടിയുമായി ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതു നിഷേധിക്കുകയാണ് അവരോടടുത്ത വൃത്തങ്ങൾ. ഇനി സിപിഎമ്മുമായി സഹകരിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. തന്നെ മർദിക്കുകയും വസ്ത്രാക്ഷേപം നടത്താൻ ശ്രമിക്കുകയും വാഹനത്തിൽ വലിച്ചുകയറ്റുകയും കാൽ വെട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തിയതും അടക്കം പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കാര്യങ്ങൾ അവർ തുറന്നു പറഞ്ഞിരുന്നു. ആദ്യം കൂത്താട്ടുകുളത്തു തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കല രാജുവിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ കൂടി ഇടപെട്ടാണ് കൊച്ചിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഇന്നലെ തന്നെ രഹസ്യമൊഴി നൽകുമെന്നാണു കരുതിയതെങ്കിലും ഇതു നീണ്ടുപോകുന്നത് പൊലീസിന്റെയും സംശയത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ രഹസ്യമൊഴി നൽകിയശേഷം തീരുമാനിക്കാം എന്ന് പൊലീസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്, ആരോഗ്യം അനുവദിക്കുന്ന തരത്തിൽ, ഡോക്ടർമാരുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിലെത്തി രഹസ്യമൊഴി നൽകാൻ കല രാജു തയാറെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.