കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ഇന്ന് നിർണായകം. ജാമ്യാപേക്ഷയുമായി ബോബി ഹൈക്കോടതിയെ നേരിട്ടു സമീപിച്ചു. നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാൽ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ രണ്ടു ദിവസം കൂടി ബോബി ജയിലിൽ കഴിയേണ്ടി വരും. പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണൂർ ഹർജിയിൽ പറയുന്നു.നടി ഹണി റോസിന്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേൽക്കോടതിയെ സമീപിക്കാൻ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു.
5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളിൽ എത്തിയവരാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു. ബോബിയെ ഇന്ന് രാവിലെ ജയിൽ ഡോക്ടർ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിക്കുള്ളിൽ ബോബി തളർന്നു വീണിരുന്നു. എന്നാൽ വൈകിട്ട് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുൻപ് ബോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് ഡോക്ടർ ബോബിയെ വിശദമായി പരിശോധിച്ചതായാണ് വിവരം.
അതിനിടെ, ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം. സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഇവിടെ കാലതാമസം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് നിർബന്ധമില്ല. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചാൽ പൊലീസിന്റെ മറുപടി തേടി കേസ് വേറൊരു ദിവസത്തേക്ക് നീട്ടാം. അങ്ങനെയെങ്കിൽ ഏതാനും ദിവസങ്ങൾ ബോബി ചെമ്മണൂർ ജയിലിൽ കഴിയേണ്ട സാഹചര്യമൊരുങ്ങും.
അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചാൽ രണ്ടു വിധത്തിൽ പരിഗണിക്കപ്പെട്ടേക്കാം. ആരോഗ്യാവസ്ഥയും മറ്റും ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നൽകി ജാമ്യ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റാം. അതല്ലെങ്കിൽ പൊലീസിന്റെ മറുപടി തേടി തിങ്കളാഴ്ചയിലേക്ക് മാറ്റാം. ഇതിൽ ഏതു വഴിയായിരിക്കും കോടതി പരിഗണിക്കുക എന്നതനുസരിച്ചായിരിക്കും ബോബി ചെമ്മണൂരിന്റെ ജയിൽവാസം എത്ര ദിവസത്തേക്കെന്ന് തീരുമാനിക്കപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.