കൊച്ചി: തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുന്ന ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് അവർ ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എ നിലവിൽ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
അതിനാൽ തലക്കേറ്റ പരിക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുണ്ട്. വെൻറിലേറ്റർ സഹായം കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രോഗി സ്വയം ശ്വാസമെടുക്കാൻ പ്രാപ്‌തയാകുന്നതുവരെ വെൻറിലേറ്റർ സഹായം തുടരേണ്ടതുണ്ട് -ഡോക്ടർ അറിയിച്ചു. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി രാവിലെ ഫേസ്ബുക് പേജിലൂടെ അഡ്മിൻ ടീം അറിയിച്ചിരുന്നു. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്ന സംയുക്തസംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഘവുമായി ആശയവിനിമയം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.