തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന ‘നീലപ്പെട്ടി’ വിവാദത്തില്‍ സി.പി.എം മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.പിയുമായ എൻ.എൻ കൃഷ്ണദാസിന് പരസ്യശാസന. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയതിനാണ് സി.പി.എം പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത്. കൃഷ്ണദാസിന്‍റെ പ്രസ്താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തൽ. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
‘നീലപ്പെട്ടി’ സംബന്ധിച്ച കൃഷ്ണദാസിന്‍റെ പരാമർശത്തിനെതിരെ ഡിസംബർ 21ന് നടന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിലും വിമർശനം ഉയർന്നിരുന്നു. ‘നീലപ്പെട്ടി’ ദൂരേക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്റെ പ്രസ്താവന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കിയെന്നായിരുന്നു ജില്ല സെക്രട്ടേറിയറ്റിലെ വിമർശനം. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ എൻ.എൻ. കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം.
'പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടത്. മന്ത്രി എം.ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സി.പി.എം അല്ല, പൊലീസ് ആണ്. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എം.എൽ.എയെയും എം.പിയെയും കാണുന്നത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടത്?.
ഇതുപോലെ ദുരന്തമായ നഗരം കേരളത്തിൽ വേറെ ഉണ്ടാവില്ല. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്. രാഷ്ട്രീയം ചർച്ച ചെയ്യണം. രാഷ്ട്രീയം ചർച്ച ചെയ്താൽ യു.ഡി.എഫും ബി.ജെ.പിയും തോൽക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം എന്നാൽ മനുഷ്യരുടെ ജീവിതമാണ് അജണ്ട. ഏത് തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായാണ് എൽ.ഡി.എഫ് കാണുന്നത്.' കൃഷ്ണദാസ് അന്ന് പറഞ്ഞത്.
ഇത്കൂടാതെ, ഉപതെരഞ്ഞെടുപ്പ് സമയത്ത് മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലും കൃഷ്ണദാസിനെതിരെ ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. ‘ഇറച്ചിക്കടക്ക് മുന്നിൽ നിൽക്കുന്ന പട്ടികളെ’ന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയാറാവാതിരുന്നത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്ത് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽ.ഡി.എഫ് കൺവെൻഷനിലേക്ക് ഷുക്കൂറുമായെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകർക്കെതിരെ എൻ.എൻ. കൃഷ്ണദാസിന്‍റെ വിവാദ പരാമർശം.
കള്ളപ്പണവും ട്രോളിയും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബുവിന്‍റെ നിലപാട് അന്ന് തള്ളിയ കൃഷ്ണദാസ്, തന്‍റെ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. ട്രോളി വിവാദം ട്രാപ്പാണെന്നും അതിൽ വീഴരുതെന്നും ഇക്കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.