കോട്ടയം:കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സൺ പൊലീസ് പിടിയിൽ. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു.ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്.
ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയെ ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചിരുന്നു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിനു 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്തു ജോൺസൺ വന്നിരുന്നു.
കൊലപാതകത്തിനു 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടക്കുകയായിരുന്നു. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.