കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മാള്‍ഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെ അനുയായിയും തൃണമൂല്‍ പ്രവര്‍ത്തകനുമായ ഹാസു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക തൃണമൂല്‍ നേതാക്കളും ഇവരുടെ അനുയായികളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടെയാണ് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രാദേശിക നേതാവായ സാക്കിറിന്റെയും പാര്‍ട്ടി മേഖല പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെയും അനുയായികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബാക്കുല്‍ വിഭാഗം പ്രവര്‍ത്തകരെ സാക്കിറിന്റെ അനുയായികള്‍ ആക്രമിച്ചെന്നും ഇതോടെ ബാക്കുല്‍ വിഭാഗം തിരികെ ആക്രമണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ബാക്കുല്‍ ഷെയ്ഖിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പും മാള്‍ഡ ജില്ലയില്‍ തൃണമൂല്‍ പ്രവര്ത്തകന് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് കൗണ്‍സിലറും തൃണമൂല്‍ പ്രാദേശിക നേതാവുമായ ദുലാല്‍ എന്ന ബബ്ല സര്‍ക്കാര്‍ ആണ് ദിവസങ്ങള്‍ക്ക് മുമ്പ് പട്ടാപ്പകല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാര്‍ട്ടി ഓഫീസില്‍നിന്ന് സ്വന്തം ഫാക്ടറിയിലേക്ക് പോകുന്നതിനിടെയായിരുന്നു ബബ്ല സര്‍ക്കാരിനുനേരേ ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ മറ്റൊരു തൃണമൂല്‍ നേതാവാണ് അറസ്റ്റിലായത്.
തൃണമൂല്‍ മാള്‍ഡ ടൗണ്‍ കമ്മിറ്റി പ്രസിഡന്റായ നരേന്ദ്രനാഥ് തിവാരിയെയാണ് ബബ്ല സര്‍ക്കാര്‍ കൊലക്കേസില്‍ പോലീസ് പിടികൂടിയത്. സര്‍ക്കാരിനെ കൊലപ്പെടുത്താനായി നരേന്ദ്രനാഥ് വാടകകൊലയാളികളെ ഏര്‍പ്പാടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ക്കൊപ്പം മറ്റു അഞ്ച് പ്രതികളെയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.