കോട്ടയം: പ്രശസ്ത സർജനും കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വർഗീസ് (94) അന്തരിച്ചു. മുന്നൂറോളം പാൻക്രിയാറ്റിക് സർജറികൾ ചെയ്തിട്ടുള്ള ഡോ. മാത്യുവാണ് ലോകത്താദ്യമായി ട്രോപിക്കൽ കാൽകുലസ് ഓഫ് പാൻക്രിയാറ്റെറ്റിസ് എന്ന രോഗാവസ്ഥയെപ്പറ്റി ഒരു ശാസ്ത്രീയ പ്രബന്ധമവതരിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ കുരുടാമണ്ണിലായിരുന്നു ഡോ. മാത്യുവിന്റെ കുടുംബം. പിതാവ് പ്രഫസറായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് മാത്യുവിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. 1947ൽ മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലാണ് എഫ്ആർസിഎസ് പൂർത്തിയാക്കിയത്.
1968 ൽ കോട്ടയം മെഡിക്കൽ കോളജിൽ സൂപ്രണ്ടായി ചുമതലയേൽക്കുന്നതിനു മുൻപ് കോഴിക്കോട് മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആർപ്പൂക്കരയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിവേഗം തീരുമാനങ്ങളെടുക്കാനുള്ള ഡോക്ടറുടെ കഴിവ് പ്രസിദ്ധമാണ്.
മെഡിക്കൽ കോളജ് സൂപ്രണ്ടായിരിക്കെ അതു പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. 1986ൽ സർക്കാർ സർവീസിൽനിന്നു വിരമിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കൾ: വർഗീസ് മാത്യു (യുഎസ്), ഇഎൻടി വിദഗ്ധനായ ഡോ. മാത്യു കുര്യൻ, സർജനായ ഡോ. മാത്യു ജോർജ് (യുഎസ്), സർജനായ ഡോ. ജോൺ മാത്യു (ഇംഗ്ലണ്ട്). മരുമക്കൾ: അനുപ (ആർക്കിടെക്ട് യുഎസ്), ഡോ.മിനി (പാത്തോളജിസ്റ്റ്– ഇംഗ്ലണ്ട്), മുന്ന (യുഎസ്), ഡോ.ക്ഷേമ (ഇംഗ്ലണ്ട്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.